

കാനഡയുമായുള്ള വ്യാപാര കരാറിലെ ചര്‍ച്ച അവസാന നിമിഷം റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുഎസ് താരിഫിനെ വിമര്‍ശിച്ച് കനേഡിയന്‍ ടിവി ചാനലില്‍ വന്ന പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ താരിഫിന് എതിരായ നിലപാട് എടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് കാനഡയിലെ പരസ്യം. ഇതാണ് ട്രംപില്‍ പ്രകോപനം സൃഷ്ടിച്ചത്. റീഗന്‍ താരിഫിന് എതിരായ നിലപാട് എടുത്ത ആളായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം അമേരിക്കയുടെ വളര്‍ച്ച മാത്രമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
യുഎസിന് പുറത്തേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുമെന്ന കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നെയിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ട്രംപിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് കാനഡയെ യുഎസിന്റെ 51മത്തെ തലസ്ഥാനമാക്കി മാറ്റുമെന്ന് ട്രംപ് വെല്ലുവിളിച്ചിരുന്നു. ഇതിന്റെ പേരില്‍ കാനഡ-യുഎസ് ബന്ധം വഷളാകുകയും ചെയ്തിരുന്നു.
റീഗന്‍ താരിഫുകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇത്തരത്തിലൊരു പരസ്യം ചെയ്തതിനെതിരേ റൊണാള്‍ഡ് റീഗന്‍ ഫൗണ്ടേഷന്‍ രംഗത്തു വന്നിരുന്നു. തീരുവ വിഷയം കോടതിയിലാണ്.
ഈ വിഷയത്തില്‍ കോടതികളെ സ്വാധീനിക്കാനുള്ള നീക്കമായിട്ടാണ് യുഎസ് പരസ്യത്തെ കാണുന്നത്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യ ഭരണകൂടമാണ് ഈ പരസ്യം ചെയ്തിരിക്കുന്നത്. 1987 ഏപ്രില്‍ 25ന് റീഗന്‍ നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ നിന്നുള്ള വാക്കുകളാണ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
മുന്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുടെ അവസാന കാലത്ത് യുഎസുമായുള്ള ബന്ധം മോശം അവസ്ഥയിലായിരുന്നു. മാര്‍ക് കാര്‍നീ അധികാരമേറ്റെടുത്ത ശേഷം തീരുവ വിഷയത്തിലടക്കം യുഎസുമായി ചേര്‍ന്നു പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഏകപക്ഷീയമായി യുഎസിന് വഴങ്ങിക്കൊടുക്കാനും അദ്ദേഹം തയാറായിരുന്നില്ല. യുഎസിലേക്കുള്ള കാനഡയുടെ കയറ്റുമതി അടുത്ത കാലത്ത് വലിയതോതില്‍ കുറഞ്ഞിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine