വ്യാപാര കരാര്‍ ദാ തൊട്ടടുത്ത്! മോദിയെ പുകഴ്ത്തി തീരുവയില്‍ അയഞ്ഞ് ട്രംപ്; കരാര്‍ വൈകില്ലെന്ന് സൂചന

അടുത്ത മാസം ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ളുവെന്നാണ് പൊതുവിലയിരുത്തല്‍
modi and trump
narendra modi and donald trump
Published on

ഇന്ത്യയുമായി വ്യാപാര കരാറില്‍ ഒപ്പിടാന്‍ അധികം വൈകില്ലെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ജിയോംജുവില്‍ എപിഇസി സിഇഒ സമ്മിറ്റില്‍ സംസാരിക്കുമ്പോഴാണ് മഞ്ഞുരുക്കത്തിന്റെ സൂചന ട്രംപ് നല്കിയത്. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും ട്രംപ് മറന്നില്ല.

വ്യാപാര ചര്‍ച്ചകളില്‍ അദ്ദേഹം കഠിനഹൃദയനാണ്. വിട്ടുവീഴ്ച്ചയെന്നത് മോദിക്ക് അത്ര താല്പര്യമില്ലാത്ത കാര്യമാണ്. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ തമ്മില്‍ കരാര്‍ ഒപ്പിടുന്നതില്‍ സമയത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ നല്കുന്നത്. യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് തിടുക്കമില്ലെന്ന് ഇന്ത്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

തര്‍ക്കവിഷയങ്ങള്‍ പ്രധാനം

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ പൂര്‍ത്തിയാകുന്നതിന് തടസമായി നില്ക്കുന്നത് ചില കാര്യങ്ങളാണ്. ആദ്യത്തേക്ക് ഇന്ത്യന്‍ ക്ഷീര മേഖല യുഎസ് കമ്പനികള്‍ക്കു തുറന്നു കൊടുക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഇതിനോട് എതിര്‍പ്പാണ്. കാര്‍ഷിക മേഖലയുടെ എതിര്‍പ്പിനെ ക്ഷണിച്ചു വരുത്തുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മോദി സര്‍ക്കാരിന് അത് രാഷ്ട്രീയമായ തിരിച്ചടി സമ്മാനിക്കും.

മറ്റൊരു വിഷയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്നുണ്ട്. യുഎസിന് അനുകൂലമായ രീതിയില്‍ വ്യാപാര കരാറില്‍ ഒപ്പിട്ടാല്‍ എണ്ണവാങ്ങലിനോട് മൃദുസമീപനം സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറായേക്കും.

അടുത്ത മാസം ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ളുവെന്നാണ് പൊതുവിലയിരുത്തല്‍.

Trump signals imminent India-US trade deal while praising PM Modi’s tough negotiating stance

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com