

ഇറക്കുമതിക്ക് കനത്ത തത്തുല്യ ചുങ്കം ഏര്‍പ്പെടുത്തി ലോക രാജ്യങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചന. തങ്ങള്‍ക്ക് ചുമത്തിയ ഉയര്‍ന്ന നികുതിയില്‍ പുനര്‍വിചിന്തനം വേണമെന്ന അഭ്യര്‍ത്ഥനയുമായി വിയറ്റ്‌നം രംഗത്തെത്തി.
അധികാരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്‌നാമിന്റെ ജനറല്‍ സെക്രട്ടറി ടോം ലാം ഇന്നലെ ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തി. കനത്ത നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും വിയറ്റ്‌നാമിലേക്കുള്ള ഇറക്കുമതിയില്‍ ചര്‍ച്ച നടത്താമെന്നുമാണ് ടോം ലാമിന്റെ വാഗ്ദാനം. ഇക്കാര്യം വ്യക്തമാക്കി ട്രംപ് സോഷ്യല്‍മീഡിയയില്‍ വിശദമായ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
യുഎസുമായി കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ വിയറ്റ്‌നാം തങ്ങളുടെ താരിഫ് പൂജ്യമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ലാം പറഞ്ഞതായി യുഎസ് പ്രസിഡന്റ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ച തത്തുല്യ ചുങ്കത്തില്‍ 46 ശതമാനം നികുതിയാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ യു.എസുമായി ഏറ്റവും കൂടുതല്‍ വ്യാപാര ഇടപാടുള്ള രാജ്യമാണ് വിയറ്റ്‌നാം. ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയ്ക്കുമേല്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ മുതല്‍ വിയറ്റ്‌നാം തന്ത്രപ്രധാന ബിസിനസ് പങ്കാളിയായി മാറി.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് കൂടുതല്‍ നികുതി കൊടുക്കേണ്ടിവരുമെന്ന ഭയത്തില്‍ നിരവധി കമ്പനികളാണ് വിയറ്റ്‌നാമിലേക്ക് കൂടുമാറിയത്. 2017-2023 കാലഘട്ടത്തില്‍ വിയറ്റ്‌നാമില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചു.
നൈക് പോലുള്ള ഫുട്‌വെയര്‍ ബ്രാന്‍ഡുകള്‍ യു.എസിലേക്കുള്ള കയറ്റുമതിയുടെ സിംഹഭാഗവും നടത്തുന്നത് വിയറ്റ്‌നാമില്‍ നിന്നാണ്. 46 ശതമാനം നികുതി ഈ കമ്പനികളെ വലിയ തോതില്‍ ബാധിക്കും. വന്‍കിട കമ്പനികള്‍ വിയറ്റ്‌നാം വിട്ടുപോയേക്കുമെന്ന ഭയമാണ് കീഴടങ്ങല്‍ രീതിയിലേക്ക് മാറാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine