

തീരുവ 50 ശതമാനമാക്കിയും എച്ച് വണ്‍ ബീ വീസ നടപടികള്‍ക്കുള്ള ഫീസ് കുത്തനെ കൂട്ടിയതുമൊക്കെ ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ നടപടികളുടെ ഭാഗമാണെന്നായിരുന്നു പൊതുവിലയിരുത്തല്‍. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ തീരുവ 100 ശതമാനമാക്കിയതോടെ ഡൊണള്‍ഡ് ട്രംപ് ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു പ്ലാനാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മരുന്നുകളുടെ തീരുവ 100 ശതമാനമാക്കിയപ്പോഴും ട്രംപ് മറ്റൊരു ഇളവ് നല്കിയിരുന്നു. യു.എസില്‍ മരുന്ന് ഫാക്ടറി സ്ഥാപിക്കുന്ന കമ്പനികള്‍ക്കും അത്തരത്തില്‍ ഉറപ്പു നല്കുന്നവര്‍ക്കും തീരുവ വര്‍ധനയില്ലെന്നതാണ് അത്. ഇത് കൃത്യമായ സൂചനയാണ്. ചൈന ആഗോള സാമ്പത്തിക ശക്തിയായത് മെയ്ഡ് ഇന്‍ ചൈന പ്രൊജക്ട് വിജയിപ്പിച്ചാണ്. ഇന്ത്യയും സമാന രീതിയിലാണ്. വന്‍കിട കമ്പനികളുടെ ജന്മഭൂമി മാത്രമായിട്ട് കാര്യമില്ലെന്ന ട്രംപിന്റെ ബിസിനസ് ബുദ്ധി തന്നെയാണ് തീരുവകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ കമ്പനികളെ അമേരിക്കയില്‍ നിര്‍മാണം തുടങ്ങാന്‍ പ്രേരിപ്പിക്കുകയെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ തന്ത്രം. ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ അതിനു സാധിക്കില്ല. കാരണം, അമേരിക്കയില്‍ തൊഴിലാളികളുടെ ശമ്പളം മുതല്‍ എല്ലാത്തരം ചെലവുകളും കൂടുതലാണ്. കൂടുതല്‍ ചെലവും കുറഞ്ഞ മാര്‍ജിനുമായി യു.എസില്‍ പ്ലാന്റ് തുടങ്ങാന്‍ കമ്പനികള്‍ തയാറാകില്ല.
ഇവിടെയാണ് തീരുവയുടെ പ്രസക്തി. ഇറക്കുമതി സാധനങ്ങളുടെ തീരുവ കൂട്ടുന്നതോടെ വിലയും കൂടും. മുമ്പ് യു.എസില്‍ 1,000 രൂപയ്ക്ക് വില്ക്കുന്ന ഒരു സാധനം ഇന്ത്യയിലോ ചൈനയിലോ ഉണ്ടാക്കി കയറ്റുമതി നടത്തുമ്പോള്‍ ചെലവ് 250 രൂപയാണെന്ന് കരുതുക. ഇതേ ഉത്പന്നം യു.എസില്‍ നിര്‍മിച്ചാല്‍ ചെലവ് 800 രൂപയും. ഈ സാധനത്തിന് ഇപ്പോള്‍ തീരുവ ഉയര്‍ത്തിയപ്പോള്‍ ചെലവ് 850 രൂപയായെന്ന് കരുതുക.
ഈ അവസ്ഥയില്‍ കമ്പനികള്‍ അമേരിക്കയില്‍ ഫാക്ടറി സ്ഥാപിച്ച് അവിടെ നിര്‍മാണം ആരംഭിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കും. കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാമെന്ന് ട്രംപിന്റെ വാഗ്ദാനവുമുണ്ട്. എന്തെങ്കിലും വിളിച്ചു പറയുന്ന വെറുമൊരു കഥാപാത്രമല്ല ട്രംപ് എന്നത് വ്യക്തം. സമര്‍ത്ഥനായ ബിസിനസുകാരന്‍ തന്നെയാണ് അദ്ദേഹം.
സണ്‍ഫാര്‍മ, സിപ്ല, ഡോ. റെഡ്ഡീസ് തുടങ്ങി അമേരിക്കന്‍ വിപണിയില്‍ നിന്ന് വരുമാനത്തിന്റെ നല്ലൊരു പങ്ക് നേടുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനികളുണ്ട്. ഈ കമ്പനികളുടെ വരുമാനത്തിന്റെ 30 മുതല്‍ 47 ശതമാനം വരെ യു.എസ് വിപണിയില്‍ നിന്നാണ്. യു.എസിലേക്കുള്ള ഇന്ത്യന്‍ കമ്പനികളുടെ മരുന്ന് കയറ്റുമതി ഏകദേശം 77,000 കോടി രൂപയുടേതാണ്. ഇന്ത്യന്‍ കയറ്റുമതിയുടെ 31 ശതമാനം വിഹിതം യു.എസിലേക്കാണ്.
ഇന്ത്യന്‍ കമ്പനികള്‍ യു.എസിലേക്ക് കയറ്റുമതി നടത്തുന്നതിലേറെയും ജനറിക് മരുന്നുകളാണ്. ട്രംപ് ഇപ്പോള്‍ കൊണ്ടുവന്ന തീരുവ ജനറിക് മരുന്നുകളെ കാര്യമായി ബാധിക്കില്ല. എന്നാല്‍ പ്രസിഡന്റിന്റെ അടുത്ത ടാര്‍ജറ്റ് ജനറിക് മരുന്നുകളാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ കമ്പനികളെ അത് ബാധിക്കും.
സണ്‍ ഫാര്‍മ, സിപ്ല ലിമിറ്റഡ്, ഡോ റെഡ്ഡീസ് ലാബോറട്ടറീസ് ലിമിറ്റഡ്, മാന്‍കൈന്‍ഡ് ഫാര്‍മ തുടങ്ങിയ കമ്പനികളാണ് യു.എസിലേക്ക് കൂടുതലായി മരുന്ന് കയറ്റുമതി നടത്തുന്നത്. ഈ കമ്പനികളുടെ ഓഹരിവില വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ ഉച്ചയോടെ നഷ്ടം കുറച്ചു കൊണ്ട് വരുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമായി വലിയ തിരിച്ചടി ട്രംപിന്റെ തീരുമാനം കൊണ്ട് ഉണ്ടാകില്ലെന്ന വിലയിരുത്തലുകളാണ് ഇതിന് കാരണം.
നിലവില്‍ സണ്‍ഫര്‍മ ഓഹരികള്‍ മൂന്നു ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഡോ റെഡ്ഡീസ്, മാന്‍കൈന്‍ഡ് ഫാര്‍മ എന്നിവയുടെ ഓഹരിവിലയില്‍ വലിയ തോതില്‍ ഇടിവില്ല.
Read DhanamOnline in English
Subscribe to Dhanam Magazine