

നവംബര്‍ ഒന്നുമുതല്‍ ചൈനയ്ക്കു മേല്‍ പുതിയ തീരുവ ചുമത്താന്‍ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തങ്ങളുമായി വ്യക്തമായ കരാറിലെത്താത്ത പക്ഷം 155 ശതമാനം തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപിന്റെ പ്രതികരണം.
ചൈനയ്ക്ക് ഇപ്പോള്‍ 55 ശതമാനം തീരുവയാണ് നമ്മള്‍ ചുമത്തുന്നത്. ഇത് വലിയ തുകയാണ്. എന്നാല്‍ അതു പോരാ. യുഎസിന് കൂടി നേട്ടമുണ്ടാകുന്ന തരത്തിലുള്ള കരാറില്‍ അവര്‍ എത്തണം. ഇല്ലാത്തപക്ഷം നവംബര്‍ ഒന്നുമുതല്‍ 155 ശതമാനം തീരുവ ഈടാക്കും. അതില്‍ മാറ്റമുണ്ടാകില്ല. യുഎസിന്റെ ബലഹീനതയെ മുമ്പ് പല രാജ്യങ്ങളും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇനിയത് അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം.
അപൂര്‍വ ധാതുക്കളുടെ ഇറക്കുമതിയില്‍ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കാന്‍ ഓസ്‌ട്രേലിയയുമായി യുഎസ് പുതിയ കരാറിലും ഒപ്പിട്ടു. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
ഏകദേശം 75,000 കോടി രൂപയുടെ കരാറാണ് ഓസ്‌ട്രേലിയയുമായി ട്രംപ് ഒപ്പിട്ടത്. ചൈനയുടെ കൈവശമാണ് അപൂര്‍വ ധാതു വിതരണത്തിന്റെ 95 ശതമാനം നിയന്ത്രണവും. ചൈനയുടെ കുത്തക അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനം തുടങ്ങിയ മേഖലകളില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ അനിവാര്യ ഘടകമാണ്. ലോകരാജ്യങ്ങളെല്ലാം ഇക്കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെയാണ്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഉപേക്ഷിക്കാത്ത ഇന്ത്യയ്ക്കും കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്നു. മോസ്‌കോയെ കൂടുതലായി ആശ്രയിക്കുന്നത് തുടര്‍ന്നാല്‍ ഇറക്കുമതി തീരുവ വര്‍ധിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. എണ്ണ വാങ്ങലില്‍ നിന്ന് പിന്മാറാമെന്ന് പ്രധാനമന്ത്രി മോദി വാക്കുനല്കിയെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine