₹4.26 ലക്ഷം കോടിക്ക് അമേരിക്കയിലേക്ക് പാലം പണിത കാനഡ പെട്ടു; തുറക്കാന്‍ സമ്മതിക്കില്ലെന്ന് ട്രംപിന്റെ ഭീഷണി

30 വര്‍ഷം കൊണ്ട് ടോള്‍ വഴി ചെലവായ പണം തിരിച്ചുപിടിക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. പാലം തുറക്കാന്‍ വൈകുന്നത് ഈ സാധ്യതയെ ബാധിക്കും.
₹4.26 ലക്ഷം കോടിക്ക് അമേരിക്കയിലേക്ക് പാലം പണിത കാനഡ പെട്ടു; തുറക്കാന്‍ സമ്മതിക്കില്ലെന്ന് ട്രംപിന്റെ ഭീഷണി
Published on

യുഎസുമായി ബന്ധിപ്പിക്കാന്‍ കാനഡ കോടികള്‍ മുടക്കിയൊരു പാലം പണിതു. പാലത്തിന് വേണ്ടിവന്ന ചെലവ് മുഴുവന്‍ വഹിച്ചത് കാനഡ. എട്ടുവര്‍ഷം സമയമെടുത്ത് 4.26 ലക്ഷം കോടി രൂപ മുടക്കിയാണ് കാനഡ പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യയെ യുഎസ് സംസ്ഥാനമായ മിഷിഗണുമായി ബന്ധിപ്പിക്കുന്നതാണ് ഗോര്‍ഡി ഹോവ് പാലം.

രണ്ട് രാജ്യങ്ങള്‍ക്കും പാലം ഗുണം ചെയ്യും. എന്നാല്‍ പാലം ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ യുടേണ്‍ അടിച്ചിരിക്കുകയാണ് ഡൊണള്‍ഡ് ട്രംപ്. വ്യാപാര കരാറില്‍ തങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ പാലം തുറന്നു കൊടുക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.

കാനഡയില്‍ നിന്ന് അമേരിക്ക അര്‍ഹിക്കുന്ന നീതിയും ബഹുമാനവും നല്‍കുന്നതുവരെ പാലം തുറക്കില്ലെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പാലത്തിനായി ഫണ്ട് മുടക്കിയത് മുഴുവന്‍ കനേഡിയന്‍ സര്‍ക്കാര്‍ ആണെങ്കിലും ഉടമസ്ഥാവകാശം കാനഡയ്ക്കും മിഷിഗെന്‍ സംസ്ഥാനത്തിനും കൂടി അവകാശപ്പെട്ടതാണ്.

ട്രംപിന്റെ ഇപ്പോഴത്തെ മനംമാറ്റം കാനഡയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് ടോള്‍ വഴി ചെലവായ പണം തിരിച്ചുപിടിക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. പാലം തുറക്കാന്‍ വൈകുന്നത് ഈ സാധ്യതയെ ബാധിക്കും.

എന്നും വിവാദ വിഷയം

ഡെട്രോയിറ്റ് നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന ഈ പാലം ആവശ്യമായ പരിശോധനകളും അനുമതികളും പൂര്‍ത്തിയായാല്‍ 2026 തുടക്കത്തില്‍ ഗതാഗതത്തിനായി തുറക്കുമെന്നായിരുന്നു പ്രതീക്ഷ. 2018ലാണ് നിര്‍മാണം ആരംഭിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി ഈ പദ്ധതി അമേരിക്ക-കാനഡ ബന്ധത്തില്‍ വിവാദ വിഷയമായിരുന്നു.

പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് ഉണ്ടായിരിക്കണമെന്നാണ് ട്രംപ് സോഷ്യല്‍മീഡിയയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ കാനഡ തന്നെ പാലത്തിന്റെ ഇരുഭാഗവും നിയന്ത്രിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഡെട്രോയിറ്റ് നദിയിലൂടെ കാനഡയെ ബന്ധിപ്പിക്കുന്ന അംബാസഡര്‍ പാലത്തിന്റെ അമേരിക്കന്‍ ഉടമകളായ മോറൂണ്‍ കുടുംബം, പുതിയ പാലം നിര്‍മിക്കുന്നതിനെതിരെ ട്രംപിന്റെ ആദ്യ കാലത്ത് തന്നെ അപ്പീല്‍ നല്‍കിയിരുന്നു. പുതിയ പാലം തങ്ങളുടെ ടോള്‍ ശേഖരണ അവകാശത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം.

അന്ന് ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചേര്‍ന്ന് ഈ പാലം ഇരു രാജ്യങ്ങള്‍ക്കും നിര്‍ണായകമായ സാമ്പത്തിക ബന്ധം ആണെന്ന് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

ഇപ്പോള്‍ വീണ്ടും വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്ന ട്രംപിന്റെ ലക്ഷ്യം കാനഡയുമായുള്ള വ്യാപാര കരാറാണെന്ന് വ്യക്തമാണ്. വിഷയത്തില്‍ കാനഡ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com