എച്ച്-4 വിസ നിർത്തലാക്കുന്നതിന് മുൻപേ പൊതുജനങ്ങളുടെ അഭിപ്രായം തേടും

എച്ച്-4 വിസ നിർത്തലാക്കുന്നതിന് മുൻപേ പൊതുജനങ്ങളുടെ അഭിപ്രായം തേടും
Published on

എച്ച് 1 ബി വിസയുള്ളവരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ വർക്ക് പെർമിറ്റായി നല്‍കുന്ന എച്ച്-4 വിസ നിർത്തലാക്കുന്നതിന് മുൻപേ പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്ന് ട്രംപ് ഭരണകൂടം.

ജനപ്രതിനിധികൾക്കും കോർപറേറ്റുകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം ലഭിക്കും. എച്ച്-1 ബി വിസ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ സെപ്‌റ്റംബറിൽ ആണ് ഇത്തരമൊരു പ്രഖ്യാപനം ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

ചട്ടം നടപ്പിലായാൽ പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിൽ നഷ്ടപ്പെടും.

ഒബാമ ഭരണകൂടത്തിന്റെ 2015 ലെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരമാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കാനായി എച്ച്-4 വിസ നല്‍കി തുടങ്ങിയത്.

എച്ച് 4 വിസയുള്ള ആശ്രിതരായ പങ്കാളികളെ യു എസ്സില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ള ഗണത്തില്‍ നിന്ന് മാറ്റുകവഴി 2015 ലെ നിയമം റദ്ദാക്കുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. യു എസ് പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയപരിഷ്‌കരണം.

മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിട്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ 71,000 ലധികം പേര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. ഇതില്‍ തന്നെ 94 ശതമാനത്തോളം സ്ത്രീകളാണ്.

എച്ച് വണ്‍ ബി വിസയുള്ളവര്‍ക്കു സ്ഥിരതാമസം നിയമപരമാക്കാന്‍ പത്ത് വര്‍ഷത്തിലധികം വേണ്ടിവരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നു കുടുംബവുമായെത്തുന്നവര്‍ക്കു എച്ച് 4 വിസ വലിയ ആശ്വാസമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com