
ഇറാന് തലസ്ഥാനമായ തെഹ്‌റാനില്‍ നിന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തെഹ്‌റാന്റെ വ്യോമപരിധി ഇസ്രയേലിന്റെ നിയന്ത്രണത്തിലാണെന്നും ജനങ്ങള്‍ ഒഴിയണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ആണവകരാറില്‍ ഒപ്പിടണമെന്ന് ഞാന്‍ ഇറാനോട് ആവശ്യപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. എന്തൊരു നാണക്കേടാണിത്. ഇറാന് ആണവായുധം സ്വന്തമാക്കാന്‍ അവകാശമില്ലെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണ്. എല്ലാവരും എത്രയും വേഗം തെഹ്‌റാന്‍ വിട്ടൊഴിയണമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ വഴി പറഞ്ഞു. ഏതാണ്ട് 95 ലക്ഷം ജനങ്ങളാണ് തെഹ്‌റാനില്‍ താമസിക്കുന്നത്.
യു.എസുമായുള്ള ആണവ കരാർ ചർച്ചയുടെ ആറാം ഘട്ടം ഞായറാഴ്ച നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രയേലിലെ കേന്ദ്രങ്ങളില്‍ ഇറാനും ആക്രമണം ശക്തമാക്കി. ടെല്‍അവീവിലും ജെറുസലേമിലും ഹൈഫയിലുമെല്ലാം ഇറാന്റെ മിസൈലുകള്‍ ഇസ്രയേല്‍ വ്യോമപ്രതിരോധം ഭേദിച്ചു. കഴിഞ്ഞ ദിവസം തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ചാണ് ഇസ്രയേല്‍ മറുപടി പറഞ്ഞത്. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യ മുഴുവന്‍ യുദ്ധഭീഷണിയിലാണ്.
അതേസമയം, കാനഡയില്‍ നടന്ന ജി7 ഉച്ചകോടി മേഖലയില്‍ സമാധാനം ഉറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇറാന് ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള അവകാശമില്ലെന്നും എന്നാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഉച്ചകോടി വ്യക്തമാക്കി. ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങിയ ഡൊണള്‍ഡ് ട്രംപ് ഇറാന്‍-ഇസ്രയേല്‍ വിഷയത്തില്‍ സമാധാന കരാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. എന്നാല്‍ മാക്രോണിന്റെ പ്രസ്താവന തെറ്റാണെന്നും സമാധാന കരാര്‍ നടപ്പിലാക്കാനല്ല അതിലും വലിയ കാര്യങ്ങളാണ് തന്റെ അജണ്ടയിലുള്ളതെന്നുമാണ് ട്രംപിന്റെ മറുപടി. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മിഡില്‍ ഈസ്റ്റിലെ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗാച്ചിയും ഈ ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 224 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്റെ കണക്ക്. 24 പേര്‍ കൊല്ലപ്പെട്ടതായും 2,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ഇസ്രയേലും പറയുന്നു. ഇരുരാജ്യങ്ങളും നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. യുദ്ധഭീതി കനത്തതോടെ ഇറാനിലെ പലയിടങ്ങളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങള്‍ തേടി ആളുകള്‍ പലായാനം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
അതേസമയം, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസ് ഇടപെടല്‍ ആവശ്യപ്പെട്ട് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവരെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. പകരം ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ആണവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച ഇറാന്‍ തങ്ങള്‍ക്ക് സമാധാനപരമായ ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആണവ നിരായുധീകരണ കരാറില്‍ (Nuclear Non Proliferation Treaty) ഒപ്പുവച്ചിട്ടുണ്ട്. കരാറില്‍ ഏര്‍പ്പെടാത്തതും ആണവായുധങ്ങള്‍ കൈവശമുള്ളതുമായ മിഡില്‍ ഈസ്റ്റിലെ ഏക രാജ്യം ഇസ്രയേലാണെന്നും ഇറാന്‍ ആരോപിക്കുന്നു.
മേഖലയിലെ രണ്ട് വലിയ സൈനിക ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം സാക്ഷ്യം വഹിച്ചത്. 2003ലെ ഇറാഖ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യ അനുഭവിക്കുന്ന ഏറ്റവും വലിയ സൈനിക പ്രതിസന്ധികളിലൊന്ന്. ഇത് തുടര്‍ന്നാല്‍ എന്താകുമെന്ന ആശങ്ക മേഖലയിലെ രാജ്യങ്ങള്‍ക്കെല്ലാമുണ്ട്. ഇസ്രയേലിന്റെ ആക്രമണം തുടര്‍ന്നാല്‍ ലോകത്തെ ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാന് ഏകപക്ഷീയമായി ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെങ്കിലും ലോകവ്യാപാരത്തെ സ്വാധീനിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുവഴി എണ്ണവ്യാപാരം നടത്തുന്ന പ്രധാന രാജ്യങ്ങളായ യു.എ.ഇയും സൗദി അറേബ്യയും ഹോര്‍മൂസ് കടലിടുക്ക് ഒഴിവാക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വഷളായാല്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ തിരിയുമെന്നാണ് ഇറാന്റെ ഭീഷണി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും.
സംഘര്‍ഷം കനത്തതോടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. 100 പേരടങ്ങുന്ന ആദ്യ ബാച്ച് ഇന്ത്യക്കാരെ സുരക്ഷിതമായി അര്‍മേനിയ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ഇറാനിലെ ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനിലുള്ള ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇറാനിനുള്ള ചൈനീസ് പൗരന്മാരെയും ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine