അപൂര്‍വ ധാതുശേഖരം സ്വന്തമാക്കാനുളള ട്രംപിന്റെ തന്ത്രം പാളി, ട്രംപും സെലന്‍സ്‌കിയും ഉടക്കി, യുക്രൈന്‍ യുദ്ധം നീളാന്‍ സാധ്യത

യുക്രൈനിനുള്ള സൈനിക സഹായം യു.എസ് പുനഃപരിശോധിക്കാന്‍ സാധ്യത
Trump-Zelensky
x.com/ZelenskyyUa, truthsocial.com/@realDonaldTrump, Canva
Published on

യുക്രൈനിലുള്ള അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുന്നതിന് അമേരിക്കക്ക് അനുമതി നല്‍കുന്ന സുപ്രധാന കരാറില്‍ ഒപ്പു വെക്കുന്നതിനാണ് വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും തമ്മില്‍ വെളളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് ട്രംപ് സെലന്‍സ്‌കിയെ ശകാരിച്ചതോടെ ഇരുവരും തമ്മില്‍ ശക്തമായ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സെലന്‍സ്‌കി കരാറില്‍ ഒപ്പു വെക്കാതെ വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിപ്പോയി.

അപൂര്‍വ ധാതുശേഖരം

ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാന 10 മിനിറ്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സെലെൻസ്‌കിയും തമ്മിലുള്ള വാക്കുതര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക നല്‍കിയ സൈനിക സഹായത്തിന്റെ വിലയായ 180 ബില്യണ്‍ ഡോളര്‍ തിരിച്ചടക്കണമെന്ന് സെലന്‍സ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായാണ് യുക്രൈനുമായി ധാതുകരാര്‍ ഉണ്ടാക്കാനുളള നീക്കം നടന്നത്.

യുദ്ധ സഹായമായി നല്‍കിയ പൈസയ്ക്ക് പകരമായി യുക്രൈനിലെ അപൂര്‍വ ധാതുശേഖരത്തില്‍ ഉന്നമിട്ടുളള ട്രംപിന്റെ നീക്കം അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ മൂലം നടക്കാതെ പോകുകയായിരുന്നു. റഷ്യയുമായുളള യുദ്ധം മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുക്രൈന് മുന്നില്‍ മറ്റു വഴികള്‍ അധികമില്ലാത്തതും സെലന്‍സ്‌കിയെ ഈ കരാറില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായാണ് വിലയിരുത്തല്‍. യുക്രൈനിലെ അപൂര്‍വ ധാതു ശേഖരം അടിച്ചു മാറ്റാനുളള ട്രംപിന്റെ തന്ത്രം ഇതോടെ നീളുമെന്ന് ഉറപ്പായി.

ചര്‍ച്ചക്കിടെ വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ ട്രംപ് ചീത്തവിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയ്ക്കിടെ ട്രംപിനെ പ്രകോപിതനാക്കിയതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. മൂന്നാം ലോകമഹായുദ്ധത്തിനായി സെലന്‍സ്‌കി ചൂതാട്ടം നടത്തുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

യൂറോപ്യൻ നേതാക്കളുടെ പിന്തുണ

സംഭവത്തില്‍ യൂറോപ്യൻ നേതാക്കൾ യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. പിന്തുണ അറിയിച്ച ഓരോ നേതാവിനും വ്യക്തിപരമായി പ്രത്യേകം നന്ദി സെലെൻസ്‌കി എക്സില്‍ പറഞ്ഞു. സെലന്‍സ്‌കി വേണ്ടത്ര നന്ദി പ്രകടിപ്പിച്ചില്ല എന്ന അഭിപ്രായം യുഎസ് വൈസ് പ്രസിഡന്റ് വാൻസ് കൂടിക്കാഴ്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സമൂഹ മാധ്യമങ്ങളിലെ സെലെൻസ്‌കിയുടെ പ്രതികരണത്തെ വിലയിരുത്തുന്നത്.

സമാധാനം അനിശ്ചിതത്വത്തില്‍

യു.എസ് യുക്രൈനുള്ള സൈനിക സഹായം പുനഃപരിശോധിക്കാന്‍ ഇടയുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സി.എൻ.എന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു. റഷ്യ-യുകൈയ്ന്‍ യുദ്ധം അവസാനിക്കുന്നതിനുളള ചര്‍ച്ചകള്‍ ഏറെക്കുറെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ട്രംപും സെലന്‍സ്‌കിയും ഉടക്കി പിരിഞ്ഞത്, ഈ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com