42 കോടി രൂപ വിലയുള്ള ട്രംപ് കാര്‍ഡ് വാങ്ങാന്‍ താല്‍പര്യം കാണിച്ചത് 70,000 പേര്‍; ഗള്‍ഫിലെ മുതലാളിമാര്‍ വരി നില്‍ക്കുകയാണെന്ന് അമേരിക്കന്‍ ഏജന്‍സി

50 ലക്ഷം ഡോളര്‍ നല്‍കി ഗോള്‍ഡ് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥിരമായ റെസിഡന്‍സ് പെര്‍മിറ്റാണ് നല്‍കുന്നത്
Trump card
Trump cardCanva
Published on

രാജ്യത്തിന്റെ ട്രഷറിയെ സമ്പന്നമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കുന്ന ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ താല്‍പര്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. 50 ലക്ഷം ഡോളര്‍ (42 കോടി രൂപ) വിലയിട്ട ട്രംപ് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ ഗള്‍ഫിലെ കോടീശ്വരന്‍മാര്‍ കാത്തിരിക്കുകയാണെന്നാണ് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ റിപ്പോര്‍ട്ടിലുള്ളത്. കാര്‍ഡ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി തുടങ്ങിയ വെബ്‌സൈറ്റില്‍ ഇതിനകം 70,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി അമേരിക്കയിലെ പ്രമുഖ കുടിയേറ്റ നിക്ഷേപ പഠന ഏജന്‍സിയായ ആര്‍ടണ്‍ കാപിറ്റല്‍ സിഇഒ ആര്‍മന്‍ഡ് ആര്‍ടന്‍ പറയുന്നു.

താല്‍പര്യക്കാര്‍ ഏറെയും ഗള്‍ഫില്‍

ജൂണ്‍ 12 നാണ് ട്രംപ് കാര്‍ഡിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. നിലവിലുള്ള കണക്കുകള്‍ പ്രകാരം യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളേക്കാള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് താല്‍പര്യക്കാര്‍ കൂടുന്നത്. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാര്‍ ഗോള്‍ഡ് കാര്‍ഡ് സ്വന്തമാക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. സിങ്കപ്പൂര്‍, ചൈന, ഹോങ്കോംഗ് എന്നീ രാജ്യങ്ങളില്‍ നിന്നും താല്‍പര്യക്കാരുണ്ട്. മൊത്തം കാര്‍ഡിന്റെ 50 ശതമാനം മിഡില്‍ ഈസ്റ്റിലുള്ളവര്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ഗുണം?

അടുത്ത മൂന്നാഴ്ചക്കുള്ളില്‍ കാര്‍ഡ് പുറത്തിറക്കുമെന്നാണ് സൂചന. കാര്‍ഡിനായി നല്‍കുന്ന 50 ലക്ഷം ഡോളര്‍ തിരിച്ചു കിട്ടാത്ത പണമാണ്. അമേരിക്കയില്‍ നിക്ഷേപമായി ഇത് പരിഗണിക്കില്ല. സ്ഥിരമായ റെസിഡന്‍സ് പെര്‍മിറ്റാണ് നല്‍കുന്നത്. പൗരത്വം നല്‍കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഡ് ഉടമക്കും ഭാര്യ, 18 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കും അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. അപേക്ഷകരുടെ സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലം കൂടി പരിഗണിച്ചാണ് കാര്‍ഡ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ റെസിഡന്‍സ് പെര്‍മിറ്റാണ് ഗോള്‍ഡ് കാര്‍ഡെന്ന് അര്‍മാന്‍ഡ് ആര്‍ടണ്‍ പറയുന്നു.

അതേസമയം, കാര്‍ഡിന്റെ വിശ്വാസ്യതയിലുള്ള സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ട്രംപ് പ്രഖ്യാപിച്ച ഗോള്‍ഡ് കാര്‍ഡ്, അമേരിക്കയില്‍ ഭരണമാറ്റം വന്നാല്‍ റദ്ദാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 50 ലക്ഷം ഡോളറിന് ഒരു ഗാരണ്ടിയുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അമേരിക്കന്‍ നിയമനുസരിച്ച് ഒരു സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി അടുത്ത സര്‍ക്കാര്‍ റദ്ദാക്കില്ലെന്നാണ് ആര്‍ടണ്‍ കാപിറ്റല്‍ നല്‍കുന്ന വിശദീകരണം. പദ്ധതി നിര്‍ത്തിവെക്കാം, എന്നാല്‍ അതുവരെ അനുവദിച്ച കാര്‍ഡുകള്‍ റദ്ദാക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com