ട്രംപിന്റെ വാഹന ചുങ്കം പ്രഖ്യാപിച്ചു; പരിക്ക് ഏതെല്ലാം വാഹനങ്ങള്‍ക്ക് ?

25 ശതമാനം നികുതി അടുത്ത ആഴ്ച മുതല്‍; അമേരിക്കക്ക് വരുമാനം 100 ബില്യണ്‍ ഡോളര്‍
Trump Auto tariff
Trump Auto tariff Image courtesy: Canva
Published on

വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടി അമേരിക്ക പുതിയ വാഹന ചുങ്കം പ്രഖ്യപിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുന്ന തീരുമാനത്തിനാണ് പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയത്. വിദേശത്ത് നിര്‍മിക്കുന്ന വാഹന പാര്‍ട്‌സുകളും നികുതിയുടെ പരിധിയില്‍ വരും. അടുത്ത ആഴ്ച മുതല്‍ വാഹനങ്ങള്‍ക്കുള്ള നികുതി ചുമത്തല്‍ തുടങ്ങും. പാര്‍ട്‌സുകള്‍ക്കുള്ള നികുതി മെയ് 3 ന് മുമ്പ് ചുമത്താനാണ് തീരുമാനം. താന്‍ അധികാരത്തില്‍ ഇരിക്കുന്ന കാലത്തോളം ഈ നികുതി പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള വാഹന വിപണി ആശങ്കയില്‍

ആഗോള വാഹന വിപണിയെ ആശങ്കപ്പെടുത്തുന്ന തീരുമാനമാണ് ട്രംപ് നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിര്‍മാണ യൂണിറ്റുകളുള്ള ജപ്പാന്‍, ജര്‍മന്‍, കൊറിയന്‍ വാഹന കമ്പനികള്‍ക്ക് ഈ നികുതി കനത്ത തിരിച്ചടിയാണ്. അമേരിക്കയില്‍ വില വര്‍ധനക്ക് കാരണമാകുന്നതും വാഹന വില്‍പ്പന കുറയാന്‍ ഇടയാക്കുന്നതുമാണ് പുതിയ നികുതി. ട്രംപിന്റെ തീരുമാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. നികുതി ബാധകമാകുന്ന രാജ്യങ്ങള്‍ ബദല്‍ നികുതി ഏര്‍പ്പെടുത്താന്‍ മുന്നോട്ടു വന്നാല്‍ ആഗോള വ്യാപാര മേഖലയില്‍ തന്നെ കനത്ത തിരിച്ചടികള്‍ ഉണ്ടാക്കും. നിര്‍മാതാക്കളെയും ഉപയോക്താക്കളെയും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളെ തന്നെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

ബാധിക്കുന്നത് ഈ വാഹനങ്ങളെ

വിദേശ നിര്‍മിതമായ വിവിധ ഇനം വാഹനങ്ങളും പാര്‍ട്‌സുകളുമാണ് പുതിയ നികുതിക്ക് വിധേയമാകുക. യാത്രാ വാഹനങ്ങളായ സെഡാന്‍, എസ്‌യുവി, ക്രോസ് ഓവറുകള്‍, മിനി വാനുകള്‍ എന്നിവയും ചരക്കു വാഹനങ്ങളായ കാര്‍ഗോ വാനുകള്‍, ലൈറ്റ് ട്രക്കുകള്‍ എന്നിവയും ഇറക്കുമതി ചെയ്യാന്‍ 25 ശതമാനം നികുതി നല്‍കണം.

പാര്‍ട്‌സുകള്‍ ഏതൊക്കെ?

വിദേശത്ത് നിര്‍മിക്കുന്ന വാഹന എഞ്ചിനുകള്‍, ട്രാന്‍സ്മിഷനുകള്‍, പവര്‍ ട്രെയിനുകളുടെ പാര്‍ട്‌സുകള്‍, ഇലക്ട്രിക്കല്‍ പാര്‍ട്‌സുകള്‍ എന്നിവക്കും പുതിയ നികുതിയുണ്ട്. അമേരിക്കയില്‍ നിര്‍മിക്കുന്ന പാര്‍ട്‌സുകള്‍ ഉപയോഗിച്ച് വിദേശത്ത് നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പാര്‍ട്‌സുകള്‍ക്ക് നികുതി ഒഴിവാക്കും.

ബാധിക്കുന്നത് ഈ രാജ്യങ്ങളെ

ജപ്പാന്‍, കാനഡ, ജര്‍മനി, ദക്ഷിണ കൊറിയ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളെയാണ് പുതിയ നികുതി പ്രധാനമായും ബാധിക്കുക.

അമേരിക്കയിലെ ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ട് 1962 ലെ സെക്ഷന്‍ 232 ല്‍ മാറ്റങ്ങള്‍ വരുത്തിയാണ് പ്രസിഡന്റ് ട്രംപ് പുതിയ നികുതി കൊണ്ടു വരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ പ്രസിഡന്റിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. വാഹന നിര്‍മാണ രംഗത്ത് അമേരിക്കക്ക് വലിയ തൊഴില്‍ നഷ്ടമുണ്ടാകുന്നതായാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകള്‍. വാഹന വ്യവസായത്തില്‍ രാജ്യത്ത് 10 ലക്ഷം അമേരിക്കക്കാരാണ് ജോലി ചെയ്യുന്നത്. ഓട്ടോ പാര്‍ട്‌സ് മേഖലയില്‍ 5.53 ലക്ഷം പേരാണുള്ളത്. എന്നാല്‍ 2000 ന് ശേഷം 2.86 ലക്ഷം തൊഴിലുകള്‍ നഷ്ടമായതായാണ് കണക്ക്. 34 ശതമാനത്തിന്റെ കുറവുണ്ടായി.

പുതിയ നികുതി വരുന്നതോടെ അമേരിക്കയില്‍ തന്നെ നിര്‍മാണം സജീവമാകുമെന്നും പൗരന്‍മാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

വാഹനങ്ങള്‍ക്ക് വില കൂടും

പുതിയ നികുതി അമേരിക്കയില്‍ വിദേശ വാഹനങ്ങളുടെ വില വലിയ തോതില്‍ വര്‍ധിക്കാനാണ് ഇടവരുത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടന്ന കാറുകളില്‍ 50 ശതമാനവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയാണ്.

നികുതി ഏര്‍പ്പെടുത്തിയ വിവരം പുറത്തു വന്നതോടെ വാഹന ഓഹരികള്‍ ഇടിഞ്ഞു. ജനറല്‍ മോട്ടോഴ്‌സിന്റെ ഓഹരി വില എട്ടു ശതമാനവും ഫോര്‍ഡ്, സ്റ്റാലന്റിസ് ഓഹരികള്‍ 4.5 ശതമാനവും ഇടിഞ്ഞു. ടെസ്ലയുടെ ഓഹരി വിലകളിലും 1.3 ശതമാനം ഇടിവുണ്ടായി. ട്രംപിന്റെ പുതിയ നികുതി ടെസ്ലക്ക് സഹായകമാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ടെസ്ല കാറുകളില്‍ വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതിനാല്‍ നികുതി ഭാരമുണ്ടാകുമെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ അഭിപ്രായപ്പെട്ടു.

വരുമാനം 100 ബില്യണ്‍ ഡോളര്‍

പുതിയ വാഹന നികുതിയിലൂടെ അമേരിക്ക പ്രതീക്ഷിക്കുന്നത് 100 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാനമാണ്. അതോടൊപ്പം അമേരിക്കയുടെ വ്യാവസായിക നിര്‍മാണ മേഖലയെ ശക്തിപ്പെടുത്താനും ഈ നികുതി നയം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ കരാര്‍ പ്രകാരം നികുതിയില്‍ ഇളവുകള്‍ ഉണ്ടാകും. ഈ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തും

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com