Begin typing your search above and press return to search.
മസ്‌കിനെ മറിച്ചിട്ട് ട്രംപ്! വിപണി മൂല്യത്തില്‍ എക്‌സല്ല, ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനി മുന്നില്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്ത് പ്രചാരണം ചൂടുപിടിക്കുകയാണ്. നവംബര്‍ 5 നാണ് യു.എസില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശക്തി കൂട്ടാന്‍ ഡൊണാള്‍ഡ് ട്രംപും കമലാ ഹാരിസും സമൂഹ മാധ്യമങ്ങളും വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലാണ് പ്രചാരണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
മുൻ പ്രസിഡൻ്റിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ മാതൃ കമ്പനിയായ ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിൻ്റെ ഓഹരികളില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ അവസാന ആഴ്ച മുതല്‍ ഓഹരികളില്‍ നാലിരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിൻ്റെ മൂല്യം ഇപ്പോൾ 10 ബില്യൺ ഡോളറിനു (ഏകദേശം 84,082 കോടി രൂപ) മുകളിലാണ്.
ക്യാപിറ്റോള്‍ കലാപത്തെത്തുടർന്ന് ട്രംപിന് നിരോധനം
ഡൊണാൾഡ് ട്രംപിൻ്റെ കമ്പനിയുടെ മൂല്യം എലോൺ മസ്‌കിൻ്റെ എക്സിനെ മറികടന്നിരിക്കുകയാണ്. 9.4 ബില്യൺ ഡോളറാണ് എക്സിന്റെ വിപണി മൂല്യം.
2021 ജനുവരി 6 ലെ കുപ്രസിദ്ധമായ ക്യാപിറ്റോള്‍ കലാപത്തെത്തുടർന്ന് ട്വിറ്ററിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഡൊണാള്‍ഡ് ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പ് (ടി.എം.ടി.ജി) സ്ഥാപിക്കുന്നത്. കമ്പനിയുടെ 57 ശതമാനത്തോളം ഓഹരികളും ട്രംപിന്റെ കൈവശമാണ് ഉളളത്.
ട്രംപിന്റെ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഓഹരി ഏകദേശം 9 ശതമാനം ഉയർന്ന് 51.51 ഡോളറിലെത്തി. തിങ്കളാഴ്ച കൂടി കണക്കിലെടുത്താല്‍ ഓഹരി 21.6 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ മാസം ആദ്യ വാരം ഓഹരി 12 ഡോളറായി കുറഞ്ഞതില്‍ നിന്നാണ് ഈ വന്‍ കുതിച്ചു ചാട്ടം സംഭവിച്ചിരിക്കുന്നത്.
മസ്കിന്റെ പിന്തുണ ട്രംപിന്
ജൂണിൽ അവസാനിച്ച പാദത്തിൽ ട്രംപിന്റെ കമ്പനി 16 മില്യൺ ഡോളറിലധികം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനം 837,000 ഡോളർ മാത്രമാണ്.
2022 ഒക്ടോബറിൽ എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ കമ്പനിയുടെ മൂല്യം ഏകദേശം 44 ബില്യൺ ഡോളറായിരുന്നു. സീസർസ് എൻ്റർടൈൻമെൻ്റ്, മാച്ച് ഗ്രൂപ്പ്, വാൾഗ്രീൻസ് ബൂട്ട്സ് അലയൻസ്, മോണോപൊളി ഗെയിമിൻ്റെ നിർമ്മാതാവായ ഹാസ്ബ്രോ എന്നിവയുൾപ്പെടെ ഒട്ടേറെ കമ്പനികളെ മൂല്യനിർണയത്തിൽ ടി.എം.ടി.ജി മറികടന്നു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിന് വലിയ പിന്തുണയാണ് എലോൺ മസ്‌ക് നല്‍കുന്നത്. ട്രംപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 70 മില്യൺ ഡോളറാണ് (588 കോടി രൂപ) മസ്ക് നല്‍കുന്നത്. കൂടാതെ ട്രംപിനെ പിന്തുണച്ച് മസ്ക് ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Next Story
Videos