
ഇറക്കുമതി തീരുവകള്‍ മരവിപ്പിച്ച ഫെഡറല്‍ കോടതിയുടെ വിധിയെ അപ്പീലിലൂടെ മറികടന്ന് ട്രംപ് ഭരണകൂടം. വിവിധ രാജ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ചുമത്തിയ പകര ചുങ്കങ്ങള്‍ മരവിപ്പിച്ച വ്യവസായ ഫെഡറല്‍ കോടതിയുടെ ഉത്തരവിനെ മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് അപ്പീല്‍ കോടതിയിലൂടെ മരവിപ്പിച്ചത്. ഇതോടെ ട്രംപ് പ്രഖ്യാപിച്ച നികുതികളെല്ലാം നിലനില്‍ക്കും. കേസില്‍ അടുത്ത മാസം വാദം കേള്‍ക്കല്‍ തുടരും.
അമേരിക്കയുടെ ഉയര്‍ന്ന നിരക്കുകളില്‍ ആശങ്കയുമായി കഴിയുന്ന രാജ്യങ്ങള്‍ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് അപ്പീല്‍ കോടതി വിധി സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച കേസുകള്‍ കോടതികളില്‍ എത്രകാലം തുടരുമെന്നതിലും അനിശ്ചിതത്വമുണ്ട്. പരാതിക്കാര്‍ ജൂണ്‍ അഞ്ചിനും സര്‍ക്കാര്‍ പ്രതിനിധി ജൂണ്‍ ഒമ്പതിനും ഹാജരാകണമെന്ന് അപ്പീല്‍ കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണ പരിഷ്‌കരണ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് പരാജിതനായി ഇലോണ്‍ മസ്‌ക് രാജിവെച്ച് പോയതു പോലെ, നികുതി കേസില്‍ കീഴടങ്ങാന്‍ ട്രംപ് തയ്യാറല്ല. വാണിജ്യ ഫെഡറല്‍ കോടതിയുടെ വിധി വന്നതിന് പിന്നാലെ അപ്പീല്‍ കോടതിയെ സമീപിച്ച ഭരണകൂടം, തങ്ങളുടെ ഭാഗം വിശദമായി കേള്‍ക്കാന്‍ സമയം അനുവദിക്കണമെന്നും അതുവരെ കീഴ് കോടതി ഉത്തരവ് മരവിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇത് അപ്പീല്‍ കോടതി അംഗീകരിച്ചു. പുതിയ നികുതി പ്രഖ്യാപനങ്ങള്‍ ഭരണഘടനക്ക് അനുസൃതമല്ലെന്നും പ്രസിഡന്റിന് ഏകപക്ഷീയമായി പ്രഖ്യാപനം നടത്താന്‍ കഴിയില്ലെന്നുമായിരുന്നു കീഴ് കോടതിയുടെ പ്രധാന നിരീക്ഷണം.
ഫെഡറല്‍ കോടതിയുടെ വിധി നിലവില്‍ വിവിധ രാജ്യങ്ങളുമായി അമേരിക്ക നടത്തുന്ന ചര്‍ച്ചകളെ ബാധിക്കുമെന്നും ഇത് അമേരിക്കക്ക് ഗുണകരമല്ലെന്നും സര്‍ക്കാര്‍ അപ്പീല്‍ കോടതിയില്‍ വ്യക്തമാക്കി. ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച നികുതികള്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. പുതിയ കോടതി വിധി താല്‍കാലികം മാത്രമാണെന്നാണ് പരാതി നല്‍കിയ ചെറുകിട വ്യവസായികളുടെ കൂട്ടായ്മ പ്രതികരിച്ചത്.
അമേരിക്കയിലെ നിയമ യുദ്ധം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. നിയമപോരാട്ടം കൂടുതല്‍ കാലം നീണ്ടു പോകുമെന്നാണ് വിദേശ സര്‍ക്കാരുകള്‍ കണക്കുകൂട്ടുന്നത്. കോടതിയുടെ അവസാന വിധി എതിരായാല്‍ പരാതിക്കാരും മറ്റു വഴികള്‍ തേടും. വിധി സര്‍ക്കാരിന് എതിരായാല്‍, പുതിയ നികുതി നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ അധികാരങ്ങള്‍ ഉപയോഗിച്ചേക്കാമെന്നും വൈറ്റ് ഹൗസ് സൂചന നല്‍കി. വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നികുതി നിര്‍ദേശങ്ങള്‍ മരവിപ്പിക്കുന്നത് ദോഷകരമാണെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. നിയമ യുദ്ധം അമേരിക്കയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് യു.കെ.സര്‍ക്കാര്‍. നിയമ നടപടികളുടെ ആദ്യ പടി മാത്രമേ ആയിട്ടൂള്ളൂവെന്നാണ് യു.കെയുടെ വിലയിരുത്തല്‍. വ്യാപാര ഫെഡറല്‍ കോടതി വിധിയെ കാനഡ സ്വാഗതം ചെയ്തിരുന്നു.
നിയമ യുദ്ധം നീണ്ടു പോകുമെന്നാണ് അമേരിക്കയിലെ വ്യാപാര സമൂഹവും വിലയിരുത്തുന്നത്. കോടതി വിധികള്‍ മാറി മറിയുന്നത് നികുതി ഘടന സംബന്ധിച്ച് അവ്യക്തത വളര്‍ത്തും. ഇത് ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കും. ഏപ്രില്‍ രണ്ടിന് ശേഷം അമേരിക്കന്‍ വിപണിയില്‍ മാന്ദ്യം തുടങ്ങിയിട്ടുണ്ടെന്നാണ് വ്യാപാര സംഘടന ചൂണ്ടിക്കാട്ടുന്നത്. ജനറല്‍ മോട്ടോഴസ്, ഫോര്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെ ഈ വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷാ നിരക്കുകള്‍ കുറച്ചിരുന്നു. ഹോണ്ട ഉള്‍പ്പടെയുള്ള വിദേശ കമ്പനികള്‍ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്ക അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine