
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം ചൂടുപിടിക്കുമ്പോള്‍ ആര്‍ക്കാകും കൂടുതല്‍ പരിക്കേല്‍ക്കുക? യു.എസിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ചൈനീസ് നീക്കം ഇപ്പോഴത്തെ ലോകക്രമത്തെ ഏതു രീതിയില്‍ ബാധിക്കും? ഒരുവശത്ത് ലോകരാജ്യങ്ങളെ പിണക്കി സ്വന്തം ഭാഗം സുരക്ഷിതമാക്കാന്‍ നോക്കുന്ന അമേരിക്ക ഇതേ നിലപാടില്‍ മുറുകെ പിടിച്ചു മുന്നോട്ടു പോകുമോ? ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടണമെങ്കില്‍ ഇനിയുമേറെ കാത്തിരിക്കണം.
ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യു.എസ്. മറിച്ച് ചൈനയിലേക്ക് യു.എസിന്റെ കയറ്റുമതി തുലോം കുറവാണ്. വ്യാപാരയുദ്ധത്തിലേക്ക് ട്രംപിനെ നയിക്കുന്നതും ഈ കണക്കുകളാണ്. 2025 ജനുവരിയില്‍ ചൈനയിലേക്കുള്ള യു.എസ് കയറ്റുമതി 9,901.3 മില്യണ്‍ ഡോളറിന്റെയാണ്. ഇറക്കുമതിയാകട്ടെ 41,639.2 മില്യണ്‍ ഡോളറിന്റേതും. വ്യാപാരക്കമ്മി 31,737.8 മില്യണ്‍ ഡോളര്‍ വരും.
ഈ കണക്കുകളിലേക്ക് വെറുതെ കണ്ണോടിച്ചാല്‍ ചൈനയ്ക്കാകും കൂടുതല്‍ തിരിച്ചടിയെന്ന് തോന്നും. എന്നാല്‍, ഏകപക്ഷീയമായി അത്തരമൊരു വിലയിരുത്തല്‍ ശരിയല്ല. യു.എസ് നിരവധി രാജ്യങ്ങള്‍ക്കുമേല്‍ തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് കൂടുതല്‍ എളുപ്പമാകും കാര്യങ്ങള്‍.
മറ്റ് വിപണികളിലേക്ക് പ്രവേശിക്കാനോ അല്ലെങ്കില്‍ ഇന്ത്യ പോലുള്ള മാര്‍ക്കറ്റുകളിലേക്ക് ഓഫര്‍ വിലയില്‍ ഉത്പന്നങ്ങള്‍ കൂടുതലായി കടത്തി വിടാനോ സാധിക്കും. തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദം ഇല്ലാത്തതിനാല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന് യു.എസുമായി കുറച്ചധികം കാലം ശീതയുദ്ധം നടത്താന്‍ സാധിക്കും.
ട്രംപിനെ സംബന്ധിച്ച് കടുത്ത തീരുമാനങ്ങള്‍ എടുത്തെങ്കിലും എത്രകാലം ഇതേരീതിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് ഉറപ്പില്ല. കാരണം, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യവും, ചൈന ഏറ്റവും വലിയ കയറ്റുമതി രാജ്യവുമാണെന്നതാണ്. തീരുവ വര്‍ധിപ്പിച്ചതിലൂടെ യു.എസില്‍ സാധനങ്ങളുടെ വില വലിയ തോതില്‍ വര്‍ധിക്കും. ഇത് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ രോഷത്തിന് കാരണമാകും. പാര്‍ട്ടിക്കകത്തും ട്രംപിന് വിമര്‍ശകര്‍ ഏറും.
യു.എസ് ചൈനയില്‍ നിന്നുള്ള വസ്ത്രങ്ങള്‍, ഉപഭോഗ സാധനങ്ങള്‍ അടക്കമുള്ള നിരവധി ഉത്പന്നങ്ങള്‍ വാങ്ങുന്നു. കൂടിയ നികുതികള്‍ കാരണം അവയുടെ വില വര്‍ദ്ധിച്ചേക്കും. ഇതിന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് താഴ്ന്ന വരുമാനമുള്ളവരിലാണ്.
ചൈനയെ സംശയദൃഷ്ടിയോടെയായിരുന്നു ഒരുവിധം പാശ്ചാത്യരാജ്യങ്ങള്‍ നോക്കി കണ്ടിരുന്നത്. യു.എസിന്റെ പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍ ട്രംപിന്റെ ഒരൊറ്റ തീരുമാനത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ആശയക്കുഴപ്പത്തിലായി. ഒപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കാത്ത ട്രംപിന്റെ നിലപാട് ചൈനയോടുള്ള മനോഭാവത്തില്‍ മാറ്റംവരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കും.
ചൈനയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കൂട്ടുകൂടുന്നത് യു.എസ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ആഗോളതലത്തില്‍ ഒറ്റപ്പെടില്ലെങ്കിലും ദീര്‍ഘകാല പങ്കാളികളെ പിണക്കുന്നത് ഭാവിയില്‍ യു.എസിന് തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രംപിന്റെ പിടിവാശിയോട് യാതൊരു സന്ധിയും ചെയ്യാതെ ചൈന മുന്നോട്ടു പോകുന്നതിന് കാരണവും ഇതൊക്കെ തന്നെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine