കോവിഡിനെ നേരിടണമെങ്കില്‍ ആദ്യം അതിന്റെ തീവ്രത അംഗീകരിക്കണം; അസിം പ്രേംജി

കോവിഡ് -19 പ്രതിസന്ധിയെ നേരിടാനുള്ള അടിസ്ഥാനം ശാസ്ത്രവും സത്യവുമാണെന്ന് വ്യവസായ പ്രമുഖന്‍ അസിം പ്രേംജി. ദുരന്തത്തിന്റെ വ്യാപ്തിയും വ്യാപനവും സത്യസന്ധമായി അംഗീകരിക്കേണ്ടതുണ്ടെന്നും വിപ്രോ സ്ഥാപകനായ അസിം പ്രേംജി പറഞ്ഞു.

ദൂരദര്‍ശനിലെ 'പോസിറ്റീവ് അണ്‍ലിമിറ്റഡ്' പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായി ഈ പ്രതിസന്ധിയെ സമീപിക്കണം, ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ട് വേണം എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍. ഇത് മാത്രമാണ് ഈ ദുരന്തത്തെ ശരിയായ രീതിയില്‍ നേരിടാനുള്ള മാര്‍ഗമെന്നും അസിം പ്രേംജി വ്യക്തമാക്കി.
ലോകത്തില്‍ തന്നെ ഏറ്റവും വലിയ ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കുന്ന കമ്പനിയാണ് തികഞ്ഞ മനുഷ്യസ്‌നേഹിയായ പ്രേംജിയുടേത്. ഈ അവസരത്തില്‍ എല്ലാ മേഖലയിലുമുള്ളവര്‍ ഒറ്റക്കട്ടായി നില്‍ക്കുന്നതിന്റെ പ്രധാന്യവും അദ്ദേഹം വിശദമാക്കി. മാത്രമല്ല എല്ലാ മേഖലകളിലുമുള്ളവര്‍ കോവിഡിന്റെ തീവ്രതയെ ഉള്‍ക്കൊള്ളണം. എങ്കില്‍ മാത്രമേ വലിയൊരു ദുരന്തത്തില്‍ നിന്ന് നമ്മെത്തന്നെയും മോചിതരാക്കാനാകൂ.
ശരിയായ ശാസ്ത്രം എന്ന ആശയത്തിന്റെ കാതല്‍ തന്നെ സത്യത്തെ അംഗീകരിക്കാനും അഭിമുഖീകരിക്കാനും തയ്യാറാകുക എന്നതാണ്. അതിനാല്‍, ഈ പ്രതിസന്ധിയെയും അതിന്റെ തോതും വ്യാപനവും ആഴവും നാം സത്യസന്ധമായി നേരിടണം. ശാസ്ത്രവും സത്യവുമാണ് ഈ പ്രതിസന്ധിയെ നേരിടാനും അത് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് സഹായിക്കാനുമുള്ള അടിത്തറ, ''പ്രേംജി തന്റെ രണ്ട് മിനിറ്റ് വീഡിയോയില്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂര്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 362727 ആണ്. 4120 മരണങ്ങളാണ് കോവിഡ് മൂലമെന്ന് തെളിഞ്ഞത്. അതേസമയം രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരാണ് ശരിയായ കണക്കുകള്‍ ഇനിയും പുറത്തുവരേണ്ടതുണ്ടെന്ന അഭിപ്രായം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. രാജ്യത്ത് നടക്കുന്ന ടെസ്റ്റ് നിരക്കിന്റെ അപര്യാപ്തതയാണ് കോവിഡ് രോഗികളുടെ ശരിയായ ആധിക്യം പുറത്തുവരാത്തതിനു പിന്നില്‍. എണ്ണം കുറച്ചു മാത്രം പുറത്തുവരുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനുള്ള സാധ്യതയും കുറയുന്നു. രണ്ടാം തരംഗത്തില്‍ ഇത്രയധികം വ്യാപനമുണ്ടായതിനു പിന്നില്‍ ഇതാണെന്നും ആരോപണങ്ങളുണ്ട്.
മരണനിരക്ക് പോലും വളരെ കുറച്ചാണ് പുറത്തുവരുന്നതെന്നും ആരോഗ്യമേഖലയില്‍ നിന്നുമുള്ളവര്‍ തന്നെ വ്യക്തമാക്കുന്നു. കോവിഡ് രോഗികള്‍ നെഗറ്റീവ് ആയതിനുശേഷം മരണപ്പെടുന്നുണ്ട്. ഇത് ഈ കണക്കുകള്‍ക്ക് പുറത്താണ്. മാത്രമല്ല കോവിഡ് രോഗം ബാധിച്ച് വീട്ടില്‍ തന്നെ ടെസ്റ്റ് ചെയ്യാതെ കഴിയുന്നവരുടെ മരണവും പുറത്തുവരാതെ പോകുന്നുണ്ട്. ഉത്തരേന്ത്യന്‍ നദികളില്‍ ജഡങ്ങള്‍ കാണുന്നത് ഇതിനൊരു തെളിവാണെന്നും പലരും വിമര്‍ശിക്കുന്നു. ജനങ്ങളോട് കണക്കുകള്‍ മറച്ചുവയ്ക്കാതിരിക്കുന്നത് തന്നെയാണ് ഇപ്പോള്‍ വേണ്ടത്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുക എന്നത് മുന്‍കരുതല്‍ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it