
ക്ഷമാപണത്തേക്കാള്‍ പ്രാധാന്യം രാജ്യസുരക്ഷക്കാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ തുര്‍ക്കി കമ്പനി ചെലബി (celebi) എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും നിരവധി പേരുടെ തൊഴില്‍ നഷ്ടമായെന്നും ചെലബിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് സവിശേഷമായ അധികാരങ്ങളുണ്ടെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ഇക്കാര്യം ശരിവെച്ച കോടതി, രാജ്യസുരക്ഷക്കാണ് മുന്‍ഗണനയെന്നും നിരീക്ഷിച്ചു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ മിക്ക രാജ്യങ്ങളും നിക്ഷ്പക്ഷത പാലിച്ചിരുന്നു. എന്നാല്‍ പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ തുര്‍ക്കിയും അസര്‍ബൈജാനും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും നടത്തി. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ കൂടി ഉപയോഗിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള വിനോദയാത്രകള്‍ റദ്ദാക്കിയതും വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണതിനും പുറമെയാണ് ഇന്ത്യയിലെ തുര്‍ക്കി ബന്ധമുള്ള കമ്പനികള്‍ക്കും നിയന്ത്രണം വന്നത്.
രാജ്യത്തെ നിരവധി വിമാനത്താവളങ്ങളുടെ ഓപ്പറേഷന്‍സ് ജോലികള്‍ ചെയ്തിരുന്ന ചെലബിയുടെ സുരക്ഷാ ക്ലിയറന്‍സും ഇതിന് പിന്നാലെ റദ്ദാക്കി. നിരവധി വര്‍ഷങ്ങളായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ചെലബി. പ്രതിവര്‍ഷം 58,000 വിമാനങ്ങളും 5,40,000 ടണ്‍ കാര്‍ഗോയും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. 10,000 പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിലും സാന്നിധ്യമുണ്ടായിരുന്നു.
സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനെതിരെ കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഞങ്ങള്‍ ഒരു മോശം കമ്പനിയല്ലെന്നും പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കിയില്ലെന്നുമാണ് ഇവരുടെ കോടതിയിലെ വാദം. കമ്പനിയിലെ ചില നിക്ഷേപകര്‍ തുര്‍ക്കിക്കാരായത് കൊണ്ടുമാത്രം പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുത്. 17 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ചെലബി. ആര്‍ക്കെങ്കിലും രണ്ട് വരിയില്‍ ഒരു ബിസിനസിനെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും റോഹ്തഗി വാദിച്ചു.
പരാതിക്കാരന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന കമ്പനിയാണെന്നും രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ചെലബിക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ നോട്ടീസ് ലഭിച്ചിരുന്നു. പ്രത്യേക കാരണം ചൂണ്ടിക്കാട്ടാതെയാണ് സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയത്. കമ്പനിയുടെ പ്രവര്‍ത്തനം അപകടമാണെന്ന് ചില ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമ്പനിയില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നത് സത്യം തന്നെയാണ്. എന്നാല്‍ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നത് ആരാണെന്ന് ചിന്തിക്കണമെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു. കേസ് മെയ് 21ന് കോടതി വീണ്ടും പരിഗണിക്കും. എന്തടിസ്ഥാനത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതെന്ന് കേന്ദ്രത്തോട് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിന് പിന്നാലെ ചെലബിക്ക് നഷ്ടമായത് 2,500 കോടി രൂപയിലേറെയാണെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മാതൃകമ്പനിയായ ചെലബി ഹവാ സര്‍വീസി ഹാസിന്റെ വിപണിമൂല്യത്തില്‍ 20 ശതമാനമാണ് രണ്ട് ദിവസത്തിനിടെ നഷ്ടം. അഞ്ച് ദിവസത്തിനിടെ 27 ശതമാനമാണ് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞത്. 2024ല്‍ കമ്പനി നേടിയ 585 മില്യന്‍ ഡോളറിന്റെ വരുമാനത്തില്‍ മൂന്നിലൊന്നും ഇന്ത്യയില്‍ നിന്നാണ് ലഭിച്ചത്.
India revokes security clearance of Turkey-based Celebi Aviation; court says "better safe than sorry" as firm loses ₹2,500 crore in stock value.
Read DhanamOnline in English
Subscribe to Dhanam Magazine