ശബരിമല സീസണില്‍ തിരുവനന്തപുരം-ചെന്നൈ വന്ദേഭാരത് ? 5 ട്രെയിനുകള്‍ കൂടി ഉടന്‍ ട്രാക്കില്‍

ചെന്നൈ ഇന്റര്‍ഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐ.സി.എഫ്)യില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്. ഇവയുടെ റൂട്ടുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ റെയില്‍വേ ബോര്‍ഡില്‍ നിന്നുണ്ടാകും. ഓറഞ്ച് നിറത്തിലുള്ള ഈ ട്രെയിനുകളുടെ അന്തിമ പരിശോധന പൂര്‍ത്തിയായാല്‍ സര്‍വീസ് തുടങ്ങാനാണ് പദ്ധതി. അതേസമയം, പുതിയ ട്രെയിന്‍ സര്‍വീസുകളിലൊന്ന് കേരളത്തിന് വേണ്ടി അനുവദിക്കുമെന്ന് സൂചനകളുണ്ട്.
തിരുവനന്തപുരം-ചെന്നൈ സര്‍വീസ് വരുമോ?
തിരുവനന്തപുരത്ത് നിന്നും തെങ്കാശി വഴി ചെന്നൈയിലേക്ക് വന്ദേഭാരത് സര്‍വീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ദക്ഷിണ റെയില്‍വേ റെയില്‍ യൂസേഴ്‌സ് കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗമായിരുന്ന ആര്‍ പാണ്ഡ്യരാജയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ചെന്നൈയില്‍ നിന്നും നാഗര്‍കോവിലിലേക്കും തിരുവനന്തപുരത്തേക്കും വന്ദേഭാരത് സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറയുന്നു. തെങ്കാശി വഴിയുള്ള സര്‍വീസ് മധുര, ത്രിശിനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകും.
ശബരിമല സീസണിലാണ് ഇത് സംബന്ധിച്ച ആലോചനകള്‍ നടന്നത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയില്‍ നിന്നും രാവിലെ ഒരേ സമയം പുറപ്പെടുന്ന വിധത്തില്‍ രണ്ട് റേക്കുകള്‍ വച്ചായിരിക്കണം സര്‍വീസ് നടത്തേണ്ടതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ കൊല്ലം-തെങ്കാശി റൂട്ടിലെ വൈദ്യുതീകരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ റൂട്ടില്‍ വന്ദേഭാരത് ട്രെയിനുകളടക്കം ഓടിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
നാഗര്‍കോവിലില്‍ നിന്ന് തുടങ്ങിയാലും ഉപയോഗം
നാഗര്‍കോവിലില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയാലും തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണ്. തിരുവനന്തപുരത്ത് നിന്നും രണ്ട് മണിക്കൂറില്‍ താഴെ സമയത്ത് നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലെത്താം. ഇവിടെ നിന്നും ചെന്നൈ, ബംഗളൂരു എന്നീ സ്ഥലങ്ങളിലേക്കാണ് വന്ദേഭാരത് സര്‍വീസുകള്‍ പരിഗണിക്കുന്നത്.
വന്ദേഭാരതില്‍ വലിയ മാറ്റങ്ങള്‍
നിലവില്‍ എട്ട് അല്ലെങ്കില്‍ 16 കോച്ചുകളുമായാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഭാവിയില്‍ 20-24 കോച്ചുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും പൂര്‍ത്തിയായി. 2018 മുതല്‍ ഐ.സി.എഫ് 70 വന്ദേഭാരത് റേക്കുകളാണ് നിര്‍മിച്ചത്.
എറണാകുളം-ബംഗളൂരു സര്‍വീസ്
അതേസമയം, അധികം വൈകാതെ എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 4.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് എറണാകുളത്ത് എത്താനാണ് താത്കാലിക സമയപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ടിന് എറണാകുളത്ത് നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് ബംഗളൂരുവിലുമെത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ഹൊസൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
Related Articles
Next Story
Videos
Share it