

കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) നാല്പത്തിരണ്ടാമത് മാനേജ്മെന്റ് കണ്‍വെന്‍ഷന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദ്വിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നവീകരണമാകും ഭാവിയെ രൂപപ്പെടുത്തുകയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വ്യക്തികളുടേതായാലും സ്ഥാപനങ്ങളുടേതായാലും സര്‍ക്കാരുകളുടേതായാലും വിജയവും പരാജയവും നിര്‍ണയിക്കാന്‍ പോകുന്നത് നവീകരണത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും. നവീകരണം കേവലം സ്റ്റാര്‍ട്ടപ്പുകളിലോ സാങ്കേതിക വിദ്യകളിലോ മാത്രം ഒതുങ്ങുന്നതല്ല. നയരൂപീകരണത്തിലടക്കം നവീകരണം അനിവാര്യമാണ്. ഉത്പാദന രംഗത്ത് കൂടുതല്‍ രാജ്യങ്ങള്‍ മത്സരിക്കുന്നുണ്ട്. ആഗോളവത്കരണം ഉദയകക്ഷി ബന്ധങ്ങള്‍ക്ക് വഴിമാറി. വൈദഗ്ധ്യമായിരിക്കും പുതു തലമുറയുടെ ഭാവിയെ നിശ്ചയിക്കുക. കൂടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ കൂടുതല്‍ പ്രതിഭയും അവസരങ്ങളും ആവശ്യമാണ്. വരും നൂറ്റാണ്ടില്‍ കൂടുതല്‍ പ്രതിഭകളുള്ള രാജ്യം കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
ബിസ് ലേരി ഇന്റര്‍നാഷണല്‍ സിഇഒ ആഞ്ചലോ ജോര്‍ജ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍ ഓഡിയന്‍സിനനുസൃതമായി മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പൂര്‍ണമായും പ്രവര്‍ത്തനം നടത്തിയ അപൂര്‍വം കമ്പനികളില്‍ ഒന്നാണ് ബിസ് ലേരി. സുസ്ഥിര വികസനത്തിനായി നിലകൊള്ളുന്ന ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്ന തലത്തിലേക്ക് ഉപഭോക്തൃ താല്‍പര്യങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് പോര്‍ട്ട് അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ബ്ലൂഷി വിശിഷ്ടാതിഥിയായി പങ്കെടുത്തു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ മാത്രമേ നവീകരണം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നവീകരണത്തിന് നിര്‍ണായക സ്വാധീനമുണ്ട്. തന്ത്രപരമായ മാനേജ്‌മെന്റ് രീതികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. നവീകരണവും സുസ്ഥിരതയുമാണ് പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹ്‌മദ് ആലുങ്കല്‍, എംപിആര്‍എസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍നാഷണല്‍ ബിസിനസ് സിഇഒ യഷ് റാഡിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍ കെ ഹരികുമാര്‍ സ്വാഗതം പറഞ്ഞു. ഓണററി സെക്രട്ടറി ഡോ. അനില്‍ ജോസഫ് നന്ദി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine