
രാജ്യത്തെ രണ്ട് ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരെ സഹായിക്കാനായി ഐസ്പീഡ് പദ്ധതി പ്രഖ്യാപിച്ച് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ആത്മ. ഉത്പാദനക്ഷമത, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍, റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടാണ് പ്രോജക്റ്റ് ഇന്റോഡിന്റെ (ഇന്ത്യന്‍ നാച്വറല്‍ റബര്‍ ഓപ്പറേഷന്‍സ് ഫോര്‍ അസിസ്റ്റഡ് ഡെവലപ്‌മെന്റ്) ഭാഗമായി ഇന്റോഡ് സ്‌കില്ലിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ എഫിഷ്യന്‍സി എന്‍ഹാന്‍സ്‌മെന്റ് ഡ്രൈവ് (ISPEED Scheme) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ തോട്ടങ്ങള്‍ വികസിപ്പിക്കുന്നതിനും ടയര്‍ വ്യവസായ മേഖല നേരിട്ട് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. 1,100 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതി അപ്പോളോ, സിയറ്റ്, ജെ.കെ, എം.ആര്‍.എഫ് എന്നീ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍ (ആത്മ) അംഗങ്ങളുടെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. റബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതി നിര്‍വഹണ ചുമതല.
ഇന്റോഡ് പദ്ധതിയുടെ ഭാഗമായ 145 കോടി രൂപയുടെ അഞ്ച് വര്‍ഷത്തെ പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാളിലെയും രണ്ട് ലക്ഷത്തിലധികം ചെറുകിട റബര്‍ കര്‍ഷകര്‍ക്കും നഴ്സറികള്‍ക്കും നേരിട്ട് പ്രയോജനം ലഭ്യമാക്കും. ആധുനിക പരിശീലനം, അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസം, ഉത്പാദന നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഇന്റോഡ് പദ്ധതി നിലവില്‍ വരുന്നതോടെ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 1.36 ലക്ഷം പേരാണ് പുതിയതായി റബര്‍ കൃഷിയില്‍ ഏര്‍പ്പെട്ടത്. ഐസ്പീഡ് പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള ഷീറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ 3,000 സ്‌മോക്ക് ഹൗസുകളും 3,000 ഷീറ്റ് റോളിംഗ് മെഷീനുകളും സ്ഥാപിക്കും.
ഐസ്പീഡ് വഴി ഇന്ത്യയിലെ റബര്‍ കര്‍ഷകരുടെ അറിവിലേക്കും കഴിവുകളിലേക്കും നിക്ഷേപം നടത്തുകയാണ് ചെയ്യുന്നതെന്ന് ആത്മ ചെയര്‍മാനും എം.ആര്‍.എഫ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമ്മന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine