ഇന്ത്യ, ചൈന സംഘര്‍ഷ ലഘൂകരണ ശ്രമം തീവ്രം

ഇന്ത്യ, ചൈന സംഘര്‍ഷ ലഘൂകരണ ശ്രമം തീവ്രം
Published on

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തില്‍ സൈനികര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. രണ്ടു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.

പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരുന്നത്  നല്ല കാര്യമാണെന്ന് യുഎന്‍ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു.ഇന്ത്യയുടെയും ചൈനയുടെയും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്.

സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അമേരിക്കന്‍ വക്താവ് പറഞ്ഞു.

സംഘര്‍ഷം ലഘൂകരിക്കാന്‍ രണ്ടു സേനകളുടെയും മേജര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നാണ് ചൈനീസ് വക്താവ് ബെയ്ജിങ്ങില്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ ഭൂപ്രദേശത്തുവെച്ചാണു നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് കരസേന വ്യക്തമാക്കി.

ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യു വരിച്ചത്. അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. 132 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് തുടക്കത്തില്‍ മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി വിപണി, പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും തീവ്ര ശ്രമം തുടരുന്നതായുള്ള വാര്‍ത്തയുടെ വെളിച്ചത്തില്‍ പീന്നീടു മെച്ചപ്പെട്ടു. ഇന്നലെ ഏറ്റുമുട്ടല്‍ വിവരം പുറത്തുവന്നപ്പോഴും സൂചികകള്‍ പെട്ടെന്നു താഴ്ന്നിരുന്നു. പക്ഷേ, വൈകാതെ പഴയ ഉയരങ്ങള്‍ തിരിച്ചുപിടിച്ച് മുന്നേറി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com