ചൈനീസ് ഓഹരികള്‍ക്ക് തടയിടാനുള്ള ബില്‍ പാസാക്കി യു.എസ് സെനറ്റ്
അലിബാബയും, ബൈഡുവും ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനി ഓഹരികളുടെ യു.എസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയാന്‍ വരെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സുപ്രധാന ബില്ലിന് യു.എസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നല്‍കി. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ കുറേക്കാലമായി തുടര്‍ന്നുവരുന്ന സംഘര്‍ഷം മുറുകാന്‍ വഴി തെളിക്കുന്ന സംഭവ വികാസമാണിത്.
ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡിയും മേരിലാന്‍ഡില്‍ നിന്നുള്ള ഡെമോക്രാറ്റ് ക്രിസ് വാന്‍ ഹോളനും ആയിരുന്നു അവതാരകര്‍.ഇനി മുതല്‍ കമ്പനികള്‍ ഒരു വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഒരു കമ്പനിക്ക് വിദേശ നിയന്ത്രണത്തിലല്ലെന്ന് കാണിക്കാന്‍ കഴിയുന്നില്ലെങ്കിലോ പബ്ലിക് കമ്പനി അക്കൗണ്ടിംഗ് ഓവര്‍സൈറ്റ് ബോര്‍ഡിന് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് കമ്പനി ഓഡിറ്റ് ചെയ്ത് അത് ഒരു വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ലെങ്കിലോ കമ്പനിയുടെ സെക്യൂരിറ്റികള്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് നിരോധിക്കും.പെന്‍ഷന്‍ ഫണ്ട്, കോളജ് എന്‍ഡോവ്‌മെന്റ് എന്നിവയ്ക്കായുള്ള നിക്ഷേപ ചാനലിലൂടെ ചൈനയിലേക്ക് ഒഴുകുന്ന കോടിക്കണക്കിന് ഡോളറുകളിന്മേല്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ സൂക്ഷ്മ നിരീക്ഷണം നേരത്തെ തന്നെയുണ്ട്.
ഒരു പുതിയ ശീതയുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈന നിയമങ്ങള്‍ പാലിക്കണമെന്നും ജോണ്‍ കെന്നഡി സെനറ്റില്‍ പറഞ്ഞു.പുതിയ പ്രമേയം വന്നതോടെ യു. എസിലെ ഏറ്റവും വലിയ ചൈനീസ് സ്ഥാപനങ്ങളായ ബൈഡു, അലിബാബ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഓഹരി വില ന്യൂയോര്‍ക്കില്‍ ഇടിഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine

