
പ്രഥമ അണ്ടര്‍ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂണ്‍ 12 മുതല്‍ 14 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം റീജിയണല്‍ സ്പോര്‍ട്സ് സെന്ററിലാണ് (ആര്‍.എസ്.സി) മത്സരങ്ങള്‍. രാജ്യത്തെ യുവപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യന്‍ഷിപ്പ് ആദ്യമായിട്ടാണ് അണ്ടര്‍ 23 വിഭാഗത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോര്‍ട്ടില്‍, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3x3 ബാസ്‌കറ്റ്ബോള്‍. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉള്‍പ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 200 യുവ കളിക്കാര്‍ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും.
മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആര്‍.എസ്.സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോര്‍ട്ടുകളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും വൈകുന്നേരം നാല് മുതല്‍ രാത്രി പത്തു വരെയും കളികള്‍ നടക്കും. മത്സരദിനങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി രസകരമായ മത്സരങ്ങളും വേദിയില്‍ ഒരുക്കിയിട്ടുണ്ട്.
2010-ലെ യൂത്ത് ഒളിമ്പിക് ഗെയിംസില്‍ ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ (ഫിബ) അവതരിപ്പിച്ച ത്രീXത്രീ ബാസ്‌കറ്റ്ബോള്‍ പെട്ടെന്നാണ് പ്രശസ്തമായത്. ഫിബ ത്രീXത്രീ വേള്‍ഡ് ടൂര്‍, വേള്‍ഡ് കപ്പ്, കോണ്ടിനെന്റല്‍ കപ്പുകള്‍ തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകളുടെ പിന്തുണയോടെ ഈ ഫോര്‍മാറ്റ് ഇന്ത്യയിലും അതിവേഗം പ്രചാരം നേടിയിട്ടുണ്ട്.
ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (BFI) ഈ സുപ്രധാന പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരള ബാസ്‌കറ്റ്ബോള്‍ അസോസിയേഷനെ (Starting Five Sports Management Pvt Ltd-മായി സഹകരിച്ച്) ചുമതലപ്പെടുത്തിയിരിക്കുകയാണ്. കേരളം സംഘടിപ്പിക്കുന്ന ആദ്യ ദേശീയ തല അണ്ടര്‍ 23 ത്രീXത്രീ ചാമ്പ്യന്‍ഷിപ്പ് കൂടിയാണിത്. അന്താരാഷ്ട്ര ത്രീXത്രീ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും ഈ ടൂര്‍ണമെന്റ് പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ആര്‍.എസ്.സി സെക്രട്ടറി ശ്രീ. എസ്.എ.എസ്. നവാസ്, കേരള ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജേക്കബ് ജോസഫ്, ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി, കേരള ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി സി ആന്റണി, ഇ.ഡി.ബി.എ പ്രസിഡന്റ് ഷിഹാബ് നീറുങ്ങല്‍ എന്നിവര്‍ മുഖ്യ കോ-ഓര്‍ഡിനേറ്റര്‍മാരായും അജിത്കുമാര്‍ ആര്‍. നായര്‍ ജനറല്‍ കണ്‍വീനറായും നിരവധി പ്രമുഖ വ്യക്തികളും പൊതുപ്രവര്‍ത്തകരും രക്ഷാധികാരികളും പ്രധാന നേതൃത്വ അംഗങ്ങളായി സമിതിയില്‍ ഉള്‍പ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine