ദുബായില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യാന്‍ പെര്‍മിറ്റ് കിട്ടും, രജിസ്‌ട്രേഷന് അടുത്ത ജനുവരി 31 വരെ സമയം

മികച്ച രീതിയിലുള്ള കണ്ടന്റുകള്‍ നിര്‍മിക്കാനും മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനും കഴിവുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കാനും കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്
Group of Emirati professionals in traditional attire discussing work outdoors, with UAE flag displayed above
canva
Published on

യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴി പരസ്യം ചെയ്യുന്നവര്‍ക്കുള്ള അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് രജിസ്ട്രേഷന്‍ കാലാവധി നീട്ടി. ജൂലൈയില്‍ അവതരിപ്പിച്ച പദ്ധതിയിലേക്ക് ഇപ്പോള്‍ 2026 ജനുവരി 31വരെ രജിസ്റ്റര്‍ ചെയ്യാം. സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ്, ആപ്പുകള്‍ എന്നിവിടങ്ങളില്‍ പണം വാങ്ങിച്ചോ അല്ലാതെയോ പരസ്യങ്ങള്‍ ചെയ്യുന്നതിന് ഈ പെര്‍മിറ്റ് നിര്‍ബന്ധമാണ്.

ഡിജിറ്റല്‍ പരസ്യ മേഖലയില്‍ സുതാര്യതയും ഉപയോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ മീഡിയ കൗണ്‍സിലാണ് (UAE Media Council) ഈ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. മികച്ച രീതിയിലുള്ള കണ്ടന്റുകള്‍ നിര്‍മിക്കാനും മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനും കഴിവുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കാനും കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

എത്രകാലം കിട്ടും

18 വയസ് തികഞ്ഞ യു.എ.ഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഇത് വര്‍ഷാവര്‍ഷം പുതുക്കാവുന്നതാണ്. ഇവര്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് നിര്‍ബന്ധമാണ്. യു.എ.ഇ. സന്ദര്‍ശകര്‍ക്ക് ലൈസന്‍സുള്ള പരസ്യ ഏജന്‍സികള്‍ വഴിയോ ടാലന്റ് മാനേജ്മെന്റ് ഏജന്‍സികള്‍ വഴിയോ പരസ്യം ചെയ്യാനുള്ള പെര്‍മിറ്റ് നേടാം. ഇതിന് മൂന്ന് മാസം വരെയാണ് സാധുത. പിന്നീട് പുതുക്കാവുന്നതാണ്.

ഇക്കാര്യം ശ്രദ്ധിക്കണം

പെര്‍മിറ്റ് ലഭിക്കുന്നവര്‍ പരസ്യങ്ങളില്‍ ഉള്ളടക്ക നിലവാരം പാലിക്കണം. രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളില്‍ പെര്‍മിറ്റ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. വ്യാജ കമ്പനികളെയും അക്കൗണ്ടുകളെയും ഉപയോഗിച്ച് പരസ്യം നല്‍കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ സ്വന്തം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ മാത്രം പരസ്യം ചെയ്യുന്ന വ്യക്തികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസപരമോ, സാംസ്‌കാരികപരമോ ആയ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പെര്‍മിറ്റ് ബാധകമല്ല.

പുതിയ നിയമങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും കൂടുതല്‍ സമയം നല്‍കാനാണ് യു.എ.ഇ. മീഡിയ കൗണ്‍സില്‍ സമയം നീട്ടി നല്‍കിയിരിക്കുന്നതെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

The UAE Media Council has extended the deadline for obtaining the mandatory Advertiser Permit to January 31, 2026. Learn about the new requirements, exemptions, and how to apply.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com