Begin typing your search above and press return to search.
വിവാഹം അബുദാബിയില്‍ വച്ച് നടത്താം; സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നീക്കവുമായി യു.എ.ഇ
ആഡംബര വിവാഹങ്ങളുടെ ആഗോള ഹബ്ബായി മാറാന്‍ പദ്ധതി ആവിഷ്‌കരിച്ച് അബുദാബി കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ ബ്യൂറോ (എ.ഡി.സി.ഇ.ബി). അബുദാബിയെ ലോകത്തിന്റെ വിവാഹങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി 2030 ആകുമ്പോഴേക്കും മൊത്തം സന്ദര്‍ശകരുടെ എണ്ണം 39.3 മില്യണിലേക്ക് ഉയര്‍ത്താമെന്ന് യു.എ.ഇ കണക്കുകൂട്ടുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവാഹ പാര്‍ട്ടികളുടെ വരവ് ടൂറിസത്തിനു വലിയതോതില്‍ ഗുണം ചെയ്യുമെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ. എല്ലാ രാജ്യങ്ങളിലും നിന്നുള്ളവരെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ഇന്ത്യക്കാരെ എത്തിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. വീസയില്‍ അടക്കം ഇളവ് നല്‍കുക വഴി ഇത് സാധ്യമാക്കാമെന്ന് എ.ഡി.സി.ഇ.ബി കരുതുന്നു.
ഇന്ത്യയെന്ന വിവാഹ മാര്‍ക്കറ്റ്
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്നതും ഇതിനായി കൂടുതല്‍ പണംചെലവിടുന്നതും ഇന്ത്യക്കാരാണ്. ഇത്തരത്തില്‍ വിദേശ ലൊക്കേഷനുകള്‍ വിവാഹത്തിനായി തേടിപ്പോകുന്നവരെ യു.എ.ഇയിലേക്ക് എത്തിച്ചാല്‍ ഹോസ്പിറ്റാലിറ്റി രംഗത്തിന് മൊത്തത്തില്‍ ഗുണം ഉണ്ടാകും. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അബുദാബിയുടെ കീഴിലുള്ള എ.ഡി.സി.ഇ.ബി ഈ ആശയം നടപ്പിലാക്കുന്നത്.
ആഗോളതലത്തില്‍ നടക്കുന്ന ആകെ വിവാഹങ്ങളില്‍ 25 ശതമാനവും ഇന്ത്യയിലാണ്. അതായത് ലോകത്ത് നടക്കുന്ന നാല് വിവാഹങ്ങളില്‍ ഒരെണ്ണത്തിന് വേദിയാകുന്നത് ഇന്ത്യയാണ്. വിവാഹത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നവരും ഇന്ത്യക്കാരാണ്.
5000ല്‍ പരം ഇന്ത്യന്‍ ദമ്പതികളാണ് വിദേശത്ത് വെച്ച് വിവാഹം ചെയ്യുന്നത്. ഓരോ വര്‍ഷവും 75,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ വിദേശത്തെ വിവാഹങ്ങള്‍ക്കായി ഇന്ത്യക്കാര്‍ ചെലവഴിക്കുന്നുണ്ട്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Next Story
Videos