ക്രിപ്‌റ്റോ നിക്ഷേപകര്‍ പടിക്ക് പുറത്ത്; ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യു.എ.ഇ

വിര്‍ച്വല്‍ അസറ്റ് നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നില്ലെന്ന് അധികൃതര്‍
crypto currency
crypto currencycanva
Published on

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ ഗോള്‍ഡന്‍ വിസക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി യു.എ.ഇ. ക്രിപ്‌റ്റോ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസക്ക് അവസരമെന്ന രീതിയിലുള്ള സാമൂഹ്യമാധ്യമ പ്രചരണങ്ങള്‍ക്ക് മറുപടിയായാണ് യുഎഇ അധികൃതര്‍ നിലപാട് പറഞ്ഞത്. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍ഡിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി, സെക്യൂരിറ്റീസ് ആന്റ് കമോഡിറ്റി അതോറിട്ടി, വിര്‍ച്വല്‍ അസറ്റ്‌സ് അതോറിട്ടി എന്നീ വകുപ്പുകള്‍ സംയുക്തമായി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജ പ്രചരണം ഇങ്ങനെ

ദുബൈയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ടോണ്‍ ഫൗണ്ടേഷന്റെ സിഇഒ മാക്‌സ് ടോണിന്റ് സോഷ്യല്‍മീഡിയ പോസ്റ്റാണ് വ്യാപകമായി പ്രചരിക്കുന്നത്. 35,000 ഡോളര്‍ ഫീസ് നല്‍കിയാല്‍ യുഎഇയില്‍ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള അവസരമുണ്ടെന്നാണ് പോസ്റ്റ്. എന്നാല്‍ ടോണ്‍ ഫൗണ്ടേഷന്‍ അംഗീകൃത ഏജന്‍സിയല്ലെന്നും ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട പ്രചരണം തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗോള്‍ഡന്‍ വിസ ആര്‍ക്കെല്ലാം

10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ നല്‍കുന്നത് തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലാണ്. റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, മികവു പുലര്‍ത്തുന്ന പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, വിവിധ മേഖലകളിലെ സ്‌പെഷ്യലിസ്റ്റുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദഗ്ധരായ ജോലിക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഈ അംഗീകാരം നല്‍കുന്നത്. വിര്‍ച്വല്‍ അസറ്റ് നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നില്ലെന്നും ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട തെറ്റായ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു. യു.എ.ഇ കസ്റ്റംസ് ആന്റ് പോര്‍ട്‌സ് സെക്യൂരിറ്റി വെബ്‌സൈറ്റില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com