

അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും വാങ്ങുന്നവര്‍ക്കുള്ള ബാങ്ക് വായ്പകളില്‍ ദുബൈയില്‍ നിയന്ത്രണം വരുന്നു. ഇനി മുതല്‍ പ്രോപ്പര്‍ട്ടികളുടെ വിലക്ക് മാത്രമാണ് ബാങ്കുകള്‍ വായ്പ നല്‍കുക. ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഫീസ്, ബ്രോക്കറേജ് എന്നിവക്ക് നല്‍കിയിരുന്ന വായ്പ ഫെബ്രുവരി 1 മുതല്‍ അവസാനിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് വിലകള്‍ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചനകള്‍. പ്രോപ്പര്‍ട്ടി വിലക്കൊപ്പം ഡിപാര്‍ട്ട്‌മെന്റ് ഫീസ്, ബ്രോക്കറേജ് എന്നീ ഇനങ്ങളില്‍ 6 ശതമാനം തുക കൂടി ബാങ്കുകള്‍ വായ്പകള്‍ നല്‍കിയിരുന്നു. ഒരു കോടി ദിര്‍ഹത്തിന്റെ പ്രോപ്പര്‍ട്ടികള്‍ക്ക് ഈ ഇനത്തില്‍ 6 ലക്ഷം ദിര്‍ഹമാണ് അധികമായി വായ്പ അനുവദിച്ചിരുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ ഈ തുക, വസ്തു വാങ്ങുന്നവര്‍ കണ്ടെത്തേണ്ടി വരും.
ബാങ്കുകളുടെ വായ്പാ നിയന്ത്രണം റിയല്‍ എസ്റ്റേറ്റ് വില കുറക്കാന്‍ ഇടയാക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഫീസായി, മൊത്തവിലയുടെ 4 ശതമാനവും ബ്രോക്കറേജ് കമ്മീഷനായി 2 ശതമാനവുമാണ് വരുന്നത്. ഇത് വായ്പാ തുകയില്‍ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ വസ്തു വാങ്ങുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വായ്പ ലഭിക്കാതെ വരുമ്പോള്‍ ഇത്രയും വലിയ തുക കണ്ടെത്തേണ്ടത് വിപണിയില്‍ നേരിയ മാന്ദ്യമുണ്ടാക്കാമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വില കുറയുന്നതിനും ഇടയാക്കാം.
അതേസമയം, പുതിയ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടുകളിലെ ബുക്കിംഗിനെ ഇത് കാര്യമായി ബാധിക്കില്ലെന്ന് ദുബൈയിലെ സ്പ്രിംഗ്ഫീല്‍ഡ് പ്രോപ്പര്‍ടീസിന്റെ സിഇഒ ഫാറൂഖ് സയ്യിദ് ചൂണ്ടിക്കാട്ടുന്നു. പ്രൈമറി പ്രോപ്പര്‍ട്ടികള്‍ക്ക് ഇത്തരം ഫീസുകള്‍ മുന്‍കൂട്ടി നല്‍കേണ്ടതില്ല. ഇത് വാങ്ങുന്നവര്‍ക്ക് ആശ്വാസമാകും. അതേസമയം, ദ്വിതീയ വിപണിയില്‍ പുതിയ നിയന്ത്രണം തിരിച്ചടിയുണ്ടാക്കും. വസ്തുവിന്റെ വില ബാങ്ക് വായ്പയായി ലഭിക്കുമെങ്കിലും ഫീസുകള്‍ക്ക് വലിയ തുക കണ്ടെത്തേണ്ടി വരുന്നത് ദ്വിതീയ വിപണിയില്‍ ഡിമാന്റുകള്‍ കുറയാന്‍ കാരണമാകുമെന്ന് ഫാറൂഖ് സയ്യിദ് ചൂണ്ടിക്കാട്ടി. ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് വില ഉയരുന്നതിന് ദ്വിതീയ വിപണിയിലെ ഇടപാടുകള്‍ കാരണമാകുന്നുണ്ടെന്ന് നേരത്തെ ആശങ്കകൾ ഉയർന്നിരുന്നു. .
Read DhanamOnline in English
Subscribe to Dhanam Magazine