യു.എ.ഇയിലേക്ക് വിമാനം കയറുമ്പോള്‍ കയ്യിലെ പണവും സ്വര്‍ണവും ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ പണി

60,000 ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ ഇക്കാര്യം വിമാനത്താവളത്തില്‍ വെളിപ്പെടുത്തിയിരിക്കണം
UAE Flag
Image : Canva
Published on

യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്. കൈവശമുള്ള സ്വര്‍ണം, പണം, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയുടെ മൂല്യം 60,000 ദിര്‍ഹത്തിന് (ഏകദേശം 14.31 ലക്ഷം രൂപ) മുകളിലാണെങ്കില്‍ ഇക്കാര്യം വിമാനത്താവളത്തില്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി രാജ്യത്തെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ അഫ്‌സേ (Afseh) അല്ലെങ്കില്‍ കസ്റ്റംസിന്റെ വെബ്‌സൈറ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

ആരൊക്കെ ചെയ്യണം

18 വയസ് പ്രായമായ എല്ലാവരും കൈവശമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വിമാനത്താവളത്തില്‍ വെളിപ്പെടുത്തണമെന്നാണ് (Declare) ചട്ടം. പണം, ചെക്ക്, സ്വകാര്യ വസ്തുക്കള്‍, ആഭരണങ്ങള്‍, വില പിടിപ്പുള്ള കല്ലുകള്‍ എന്നിവയുടെ ആകെ മൂല്യം 60,000 ദിര്‍ഹത്തില്‍ കൂടുതലാണെങ്കില്‍ ഇക്കാര്യം ഉറപ്പായും ചെയ്യണം. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് വേണമങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശം കരുതാം. എന്നാല്‍ ഈ സാഹചര്യത്തില്‍ നിയമാനുസൃത രക്ഷകര്‍ത്താവ് നിര്‍ബന്ധമായും വെളിപ്പെടുത്തല്‍ നടത്തിയിരിക്കണം. നിലവില്‍ അഫ്‌സേ പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള സൗകര്യം അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ്. വിമാനത്താവളത്തിലെ കസ്റ്റംസ് ചെക്ക് പോയിന്റില്‍ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അനാവശ്യമായ താമസം ഒഴിവാക്കാമെന്നും ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യുരിറ്റി (ഐ.സി.പി) വ്യക്തമാക്കി.

വെളിപ്പെടുത്തല്‍ എങ്ങനെ

യു.എ.ഇ പാസ് ഉപയോഗിച്ച് അഫ്‌സേ പോര്‍ട്ടലില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ ഘട്ടം. ഇതിലൂടെ നിങ്ങളുടെ എമിറേറ്റ്‌സ് ഐ.ഡി, വിസ വിവരങ്ങള്‍, പേര്, രാജ്യം എന്നിവ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. യു.എ.ഇയില്‍ താമസിക്കുന്നവര്‍ ഏത് എമിറേറ്റാണ്, നഗരം, സ്ട്രീറ്റ് നെയിം, ബില്‍ഡിംഗ് നമ്പര്‍ എന്നീ വിവരങ്ങളും രേഖപ്പെടുത്തണം. യു.എ.ഇക്ക് പുറത്തുള്ളവര്‍ അവരുടെ രാജ്യത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതി. അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങളും കൃത്യമായ മൂല്യവും രേഖപ്പെടുത്തണം. തുടര്‍ന്ന് അപേക്ഷ പരിശോധനക്കായി സമര്‍പ്പിക്കാം.

വെളിപ്പെടുത്താതിരുന്നാലോ?

60,000 ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള ഇത്തരം വസ്തുക്കള്‍ക്ക് നികുതി അടക്കേണ്ടി വരും. ചിലപ്പോള്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയും വേണ്ടി വരും. എന്നാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വെളിപ്പെടുത്താത്ത യാത്രക്കാരനില്‍ നിന്നും ഇത്തരം വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ ചിലപ്പോള്‍ പിഴയോ തടവ് ശിക്ഷയോ വിധിക്കപ്പെടാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, പണത്തിന്റെ നിയവിരുദ്ധമായ കടത്ത്, ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളുടെ കള്ളക്കടത്ത് എന്നിവ തടയുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്. ഒപ്പം യാത്രക്കാര്‍ക്ക് സുഗമമായ യാത്രാ അനുഭവം ഒരുക്കുകയും ലക്ഷ്യമിട്ടാണ് നീക്കമെന്നും അധികൃതര്‍ പറയുന്നു.

Planning to travel to the UAE with gold, cash, or valuables over AED 60,000 (₹14.3 lakh)? Here's what travellers must declare, how to do it, and the penalties for non-compliance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com