വിദേശികള്‍ക്ക് യു എ ഇ പൗരത്വം: പ്രഖ്യാപനത്തിന് പരക്കെ സ്വാഗതം

വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന കഴിഞ്ഞ ദിവസത്തെ യു എ ഇ സര്‍ക്കാരിന്റെ പ്രഖ്യാപനം ബിസിനസ് സമൂഹം അടക്കം നാനാതുറകളില്‍പ്പെട്ടവരും സ്വാഗതം ചെയ്യുന്നു.

കുറച്ചു നാള്‍ മുമ്പ് രാജ്യത്ത് വന്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. എന്നാല്‍, ഇനി മുതല്‍ വിദേശികളായ നിക്ഷേപകര്‍ മാത്രമല്ല, വിവിധ രംഗങ്ങളിലെ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, ഗ്രന്ഥകാരന്മാര്‍, കലാകാരന്മാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍, ഇവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് യു എഇ പൗരത്വം നല്‍കുമെന്നാണ് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചത്.

പുതിയ പൗരത്വ നിയമത്തിന്റെ വലിയൊരു പ്രത്യേകത യു എ ഇ പാസ്‌പോര്‍ട്ട് കിട്ടിയാലും തങ്ങളുടെ മാതൃരാജ്യത്തിന്റെ പൗരത്വം നിലനിര്‍ത്താന്‍ അനുവാദം ഉണ്ടാകും എന്നതാണ്.

അമേരിക്കയിലും യൂറോപ്പിലും കുടിയേറുന്ന ഇന്ത്യക്കാരെ അപേക്ഷിച്ച് യു എ ഇ യിലെത്തുന്ന പ്രവാസികളുടെ ന്യൂനതയായി ഇതേ വരെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കാര്യമായിരുന്നു എത്ര വര്‍ഷം യു എ ഇ യില്‍ ചിലവഴിച്ചാലും പൗരത്വം കിട്ടില്ലെന്നും അവസാനം തിരിച്ചു പോകേണ്ടി വരും എന്നത്.

എന്നാല്‍ പുതിയ പൗരത്വ നിയമം വിപ്ലവാത്മകമായ മാറ്റങ്ങള്‍ രാജ്യത്ത് കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകം മുഴുവന്‍ കോവിഡ് മഹാമാരി മൂലം സാമ്പത്തികമായി വലിയ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ യു എ ഇ യില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് തങ്ങളുടെ നിക്ഷേപം കൊണ്ട് പൂര്‍ണ്ണമായ ഫലം ലഭിക്കും എന്ന ഉറപ്പാണ് പൗരത്വം. അതോടൊപ്പം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിഭകളെ യു എ ഇ യിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലും മികച്ചൊരു ഓഫര്‍ ഇല്ല.

തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളില്‍പ്പെട്ട വിദേശികള്‍ക്ക് ഇനി മുതല്‍ യു എ ഇ യില്‍ ഇരട്ട പൗരത്വം സാധ്യമാകും എന്നതില്‍പ്പരം സന്തോഷം വേറെന്താണ് എന്ന് യു എ ഇ യില്‍ ധാരാളം ആശുപത്രികളും ഫാര്‍മസികളും നടത്തുന്ന ആസ്റ്റര്‍ ഗ്രൂപ്പിന്റെ എം ഡിയായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറയുന്നു.

ഒരുപാട് വര്‍ഷങ്ങള്‍ യു എ ഇ യുടെ പുരോഗതിക്കായി സ്തുത്യര്‍ഹ സേവനം അര്‍പ്പിച്ച നിരവധി പേര്‍ക്ക് ഇത് സഹായകരമാകും എന്നതിലുപരി വിവിധ മേഖലകളിലെ പുതിയ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും പുതിയ നിയമം കാരണമാകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങേയറ്റംആവേശഭരിതമായ വാര്‍ത്തയാണിതെന്ന് യു എ ഇ യില്‍ നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്ന അല്‍ മായ ഗ്രൂപ്പ് ഡയറക്ടര്‍ കമല്‍ വചാനി പറഞ്ഞു.

പ്രവാസികള്‍ക്ക് ഏറ്റവും മികച്ച വാര്‍ത്തയാണിതെന്നും അവര്‍ക്ക് ഈ രാജ്യത്തോട് കൂറ് വര്‍ദ്ധിക്കുമെന്നും യു എ ഇ യുടെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ വളരുമെന്നും രാജ്യത്തോടുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അര നൂറ്റാണ്ടിലധികമായി യു എ ഇ യില്‍ വ്യാപാരിയായ ഐ ടി എല്‍ കോസ്‌മോസ് ഗ്രൂപ്പിന്റെ ചെയര്മാന്‍ രാം ബക്‌സാനി അഭിപ്രായപ്പെട്ടു.

യു എ ഇ യുടെ പുതിയ പൗരത്വ നിയമം പൗരന്മാരാകാന്‍ യോഗ്യരായ വിവിധ വിഭാഗങ്ങളിലെ വിദേശികള്‍ ആരൊക്കെ എന്നും അവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. വാണിജ്യ സ്ഥാപനങ്ങളും സ്വത്തുക്കളും സ്ഥാപിക്കാനോ സ്വന്തമാക്കാനോ ഉള്ള അവകാശം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നിയമം വാഗ്ദാനം ചെയ്യുന്നു.

നിക്ഷേപകര്‍ക്ക് യു എ ഇ യില്‍ സ്വത്ത് സ്വന്തമായി ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ക്കും വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും യു എ ഇ ക്ക് ആവശ്യമായ ഏതെങ്കിലും ഒരു ശാസ്ത്ര മേഖലയില്‍ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ.

പൗരത്വം ലഭിക്കാന്‍ അപേക്ഷകന്‍ ശാസ്ത്രീയ സംഭാവനകളും പഠനങ്ങളും ശാസ്ത്രീയ മൂല്യത്തെക്കുറിച്ചുള്ള ഗവേഷണവും നടത്തിയ, പത്ത്
വര്‍ഷത്തില്‍ കുറയാത്ത പ്രായോഗിക അനുഭവം ഉള്ള വ്യക്തിയും, കൂടാതെ തന്റെ സ്‌പെഷ്യലൈസേഷന്‍ മേഖലയില്‍ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ അംഗത്വം ഉള്ളയാളുമായിരിക്കണം.

ശാസ്ത്രജ്ഞര്‍ക്കാണെങ്കില്‍ ഒരു സര്‍വകലാശാലയിലോ ഗവേഷണ
കേന്ദ്രത്തിലോ സ്വകാര്യ മേഖലയിലോ സജീവ ഗവേഷകനായി ഒരേ മേഖലയില്‍ പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രായോഗിക പരിചയം ആവശ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു ശാസ്ത്രീയ അവാര്‍ഡ് നേടിയെടുക്കുകയോ ഗവേഷണത്തിനായി ഗണ്യമായ ധനസഹായം നേടുകയോ പോലുള്ള ശാസ്ത്രമേഖലയില്‍ സംഭാവനകള്‍ ചെയ്തിരിക്കണം. യു എ ഇ യിലെ അംഗീകൃത ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്ന് ശുപാര്‍ശ കത്ത് നേടുന്നതും നിര്‍ബന്ധമാണ്.

കണ്ടുപിടുത്തം നടത്തിയവരാകട്ടെ സാമ്പത്തിക മന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന് പുറമെ യുഎഇ സാമ്പത്തിക മന്ത്രാലയമോ മറ്റേതെങ്കിലും പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനമോ അംഗീകരിച്ച ഒന്നോ അതിലധികമോ പേറ്റന്റുകള്‍ നേടിയവരായിരിക്കണം.

ബുദ്ധിജീവികളും കലാകാരന്മാരും ഉള്‍പ്പെടെ സൃഷ്ടിപരമായ കഴിവുകള്‍ തെളിയിച്ച സാംസ്‌കാരിക കലാ മേഖലകളിലെ ഉന്നത ശീര്‍ഷര്‍ ഒന്നോ അതിലധികമോ അന്താരാഷ്ട്ര അവാര്‍ഡ് ജേതാക്കളായിരിക്കണം. ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തും നിര്‍ബന്ധമാണ്.

ഒരാള്‍ പൗരത്വത്തിന് യോഗ്യത നേടിയാല്‍ പിന്നെ രാജ്യത്തോട് കൂറ് പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞ ചെയ്യണം. യു എ ഇ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കണം. മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം നേടിയെടുക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിനെ ഔദ്യോഗികമായി അറിയിക്കണം. കൂടാതെ, പൗരത്വം നേടാനുള്ള ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൗരത്വം പിന്‍വലിക്കാനും നിയമമുണ്ട്.


Related Articles
Next Story
Videos
Share it