പാകിസ്ഥാന്റെ ചതി! യു.എ.ഇയില്‍ നിന്നുള്ള ഈന്തപ്പഴത്തിലും കണ്ണുവച്ച് കേന്ദ്രം

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ മറവില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴം അടക്കമുള്ള വസ്തുക്കള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയ്ക്ക് ശേഷമാണ് ഈന്തപ്പഴത്തിന്റെ ഇറക്കുമതിയും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്. പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലെത്തിക്കുന്ന ഈന്തപ്പഴം നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയിലേക്ക് ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നതിന് 20-30 ശതമാനം വരെ നികുതി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് (സി.എ.പി.എ) പ്രകാരം യു.എ.ഇയില്‍ നിന്നും ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്ല. അതേസമയം, 2019 മുതല്‍ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 200 ശതമാനമാണ് ഇന്ത്യ നികുതി ചുമത്തുന്നത്. ഇത് മറികടക്കാന്‍ യു.എ.യിലെത്തിച്ച ശേഷം പാക് ഈന്തപ്പഴം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കണ്ടെത്തി. തുടര്‍ന്നാണ് വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 277.24 മില്യന്‍ ഡോളര്‍ (ഏകദേശം 2,327 കോടി രൂപ) വില വരുന്ന ഈന്തപ്പഴമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ 1,151 കോടി രൂപയുടെ ഈന്തപ്പഴവും യു.എ.ഇയില്‍ നിന്നായിരുന്നു. ഇന്ത്യയിലേക്കെത്തിയ ഡ്രൈ ഫ്രൂട്ട്‌സിലും യു.എ.ഇ സ്വാധീനമുണ്ട്. നേരത്തെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യ വലിയ തോതില്‍ ഈന്തപ്പഴം വാങ്ങിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ഇത് അവസാനിപ്പിച്ചു. തുടര്‍ന്നാണ് പാകിസ്ഥാന്‍ വളഞ്ഞ വഴി തേടിയത്. ഇത് മറികടക്കാന്‍ ഇന്ത്യയിലേക്കെത്തുന്ന ഈന്തപ്പഴത്തില്‍ ഉത്പാദക രാജ്യത്തിന്റെ പേര് രേഖപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് യു.എ.ഇയും അറിയിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it