യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ നാല് ദിവസം കൂടി; പ്രവാസി മലയാളികളെ എങ്ങനെ ബാധിക്കും?

കൂടുതല്‍ സ്വദേശികള്‍ വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നതോടെ സ്വദേശി നിയമനത്തിന്റെ അനുപാതം വര്‍ധിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്
UAE Flag
Image : Canva
Published on

യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ മേഖലക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൂടി. പ്രവാസി മലയാളികള്‍ ഉള്‍പ്പടെ വിദേശ തൊഴിലാളികളുടെ ജോലി സുരക്ഷിതത്വത്തെ ഇത് ബാധിക്കുമോ എന്ന ആശങ്ക ബലപ്പെടുകയാണ്. സൗദി അറേബ്യ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിയ ശക്തമായ സ്വദേശിവല്‍ക്കരണമാണ് യുഎഇയും പിന്തുടരുന്നതെങ്കില്‍ അത് വിദേശികളുടെ തൊഴില്‍ സാധ്യതകളെ കുറക്കും. ഘട്ടം ഘട്ടമായാണ് സ്വദേശികളുടെ നിയമനം കര്‍ശനമാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കും.

ബാധകമാകുന്നത് വലിയ കമ്പനികളില്‍

50 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളിലാണ് സ്വദേശിവല്‍ക്കരണം ഇപ്പോള്‍ കര്‍ശനമാക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് സ്വദേശികളുടെ നിയമനം നിര്‍ബന്ധമാക്കിയുള്ള നിയമം സര്‍ക്കാര്‍ അവതരിപ്പിച്ചത്. അര്‍ധവാര്‍ഷിക കാലാവധികളില്‍ നിശ്ചിത അനുപാതത്തില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദേശം. 50 ല്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്ള കമ്പനികളില്‍ ഒരോ ആറുമാസത്തിലും മൊത്തം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണം. ഈ രീതിയിലുള്ള നിയമനത്തിലൂടെ ഓരോ വര്‍ഷവും കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കാനാകുമെന്നാണ് യുഎഇ സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ ഒരാള്‍ സ്വദേശിയായിരിക്കണം. വിവിധ മേഖലകളിലായി 12,000 കമ്പനികളില്‍ ഒരാളെ വീതം നിയമിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 20ല്‍ താഴെ ജീവനക്കാരുള്ള കമ്പനികളില്‍ ആദ്യഘട്ടത്തില്‍ സ്വദേശിവല്‍ക്കരണമില്ല.

സ്വദേശികള്‍ക്ക് പെന്‍ഷന്‍

ഇത്തരത്തില്‍ നിയമിക്കുന്ന സ്വദേശികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പെന്‍ഷന്‍ വിഹിതത്തിന്റെ പകുതി തുക കമ്പനികള്‍ നല്‍കണം. ആറു മാസം കൂടുമ്പോള്‍ കമ്പനികള്‍ നിയമനത്തിന്റെ കണക്കുകള്‍ സര്‍ക്കാരിലേക്ക് നല്‍കണം. നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്ക് 9,000 ദിര്‍ഹം പിഴയുണ്ട്. മികച്ച രീതിയില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ചാര്‍ജുകളില്‍ 80 ശതമാനം ഇളവുകള്‍ നല്‍കും.

പ്രവാസികളെ ബാധിക്കുന്നത് എങ്ങനെ?

സൗദി അറേബ്യയില്‍ നിതാഖാത്ത് എന്ന പേരില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് സ്വദേശിവല്‍ക്കരണം നടപ്പാക്കിയപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ പ്രവാസി ജീവനക്കാരെ ഏറെ ബാധിച്ചിരുന്നില്ല. തുടക്കത്തില്‍ അഞ്ചു ശതമാനം സൗദിവല്‍ക്കരണമായിരുന്നെങ്കില്‍ പിന്നീട് 50 ശതമാനം വരെയാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ സൗദി പൗരന്മാരെ കൂടുതലായി നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ജോലി നഷ്ടപ്പെട്ടവരില്‍ മലയാളികളും ഏറെയുണ്ടായിരുന്നു. സ്വദേശികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നത് കമ്പനികളുടെ ലാഭത്തെയും ബാധിക്കുന്നുണ്ട്. യു.എ.ഇയില്‍ ആദ്യഘട്ടത്തില്‍ സ്വദേശിവല്‍ക്കരണ അനുപാതം കുറവായതിനാല്‍ പ്രവാസികള്‍ക്ക് പെട്ടെന്നുള്ള തൊഴില്‍ ഭീഷണി ഉയരുന്നില്ല. അതേസമയം, കൂടുതല്‍ സ്വദേശികള്‍ വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നതോടെ സ്വദേശി നിയമനത്തിന്റെ അനുപാതം വര്‍ധിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com