

വീസ, താമസ കാര്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിനോദം, നിര്‍മിതബുദ്ധി, ടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാണ് പുതിയ വീസ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് പോര്‍ട്ട് സെകൂരിറ്റി ആണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്ന ഹ്യുമാനിറ്റേറിയന്‍ റെസിഡന്‍സ് പെര്‍മിറ്റാണ് മാറ്റങ്ങളിലൊന്ന്. വിദേശ പൗരന്മാരുടെ വിധവകള്‍ക്കോ വിവാഹമോചിതര്‍ക്കോ ഒരു വര്‍ഷത്തേക്ക് താമസാനുമതി ഇതുപ്രകാരം ലഭിക്കും.
യുഎഇയില്‍ കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവര്‍ക്കോ രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയില്‍ ഓഹരി ഉടമസ്ഥതയുള്ളവര്‍ക്കോ ബിസിനസ് എക്‌സ്‌പ്ലൊറേഷന്‍ വീസയും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാം തലമുറയിലെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോണ്‍സറുടെ വരുമാനത്തെ അടിസ്ഥാനമാക്കി കൊണ്ടുവരാന്‍ സാധിക്കുന്ന സന്ദര്‍ശക വീസയും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത കുടുംബാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണം. ബന്ധുക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 8,000 ദിര്‍ഹവും സുഹൃത്തുക്കളെ സ്‌പോണ്‍സര്‍ ചെയ്യാനായി പതിനായിരം ദിര്‍ഹവും ശമ്പളം ഉണ്ടായിരിക്കണമെന്നാണ് നിയമം.
Read DhanamOnline in English
Subscribe to Dhanam Magazine