

ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി കുറക്കുന്നത് യുഎഇയില്‍ ഓട്ടോ വിപണിയിലും പ്രതീക്ഷ വളര്‍ത്തുന്നു. ലൈസന്‍സിന് അപേക്ഷിക്കാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 17 ലേക്കാണ് കുറക്കുന്നത്. പുതിയ നിയമം മാര്‍ച്ച് 29 നാണ് നിലവില്‍ വരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. 17 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് പരിശീലന ലൈസന്‍സും 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ത്ഥ ലൈസന്‍സും ലഭിക്കും.
പുതിയ ചട്ടം, ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ടീനേജ് പ്രായക്കാരുടെ തള്ളിക്കയറ്റം വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടന്നത്. സ്വദേശികളായ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പുതിയ ചട്ടം വലിയ ചര്‍ച്ചയായി മാറുകയാണ്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളും പുതിയ സാധ്യതകളെ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വിദ്യാര്‍ഥികളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചു വരുന്നതായി ദുബൈയില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രം നടത്തുന്ന ഫാത്തിമ റഈസ് പറയുന്നു.
പുതിയ ചട്ടപ്രകാരം 17 വയസ് തികഞ്ഞവര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലന ലൈസന്‍സാണ് നല്‍കുന്നത്. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷ നല്‍കാനും പരിശീലനം പൂര്‍ത്തിയാക്കാനുമാണ് അനുമതി. 18 വയസ് ആകുമ്പോഴാണ് ലൈസന്‍സ് നല്‍കുക. എന്നാല്‍ പരിശീലന കാലത്തും ഇവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
ലൈസന്‍സ് നേടുന്നവര്‍ക്കിടയിലേക്ക് പുതിയൊരു വിഭാഗം കൂടി കടന്നു വരുന്നത് വാഹന വിപണിക്കും ഗുണകരമാകും. വലിയൊരു വിഭാഗം സ്വദേശി യുവാക്കള്‍ പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള സാധ്യതയാണ് വര്‍ധിക്കുന്നത്. അതേസമയം, ഇത് ദുബൈ നഗരത്തിലെ ഗതാഗത കുരുക്കിനെ എങ്ങനെ ബാധിക്കുമെന്നതില്‍ ആശങ്കകളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine