ലോകത്തിന്റെ സോഷ്യല്‍മീഡിയ തലസ്ഥാനമായി യു.എ.ഇ; ഇന്റര്‍നെറ്റ് ലഭ്യതയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

ലോകത്തിന്റെ സമൂഹ മാധ്യമ തലസ്ഥാനമെന്ന പട്ടം സ്വന്തമാക്കി യു.എ.ഇ. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ ഡേറ്റയെ അടിസ്ഥാനമാക്കി പ്രോക്‌സിറാക്ക് തയ്യാറാക്കിയ റിപ്പോർട്ടിൽ രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. പത്തില്‍ 9.55 സ്‌കോറോടെയാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയതെന്ന് പ്രോക്‌സികളും റെസിഡന്‍ഷ്യല്‍ വിപിഎന്‍ സേവനങ്ങളും നല്‍കുന്ന പ്രോക്‌സിറാക്ക് പറഞ്ഞു. 45 രാജ്യങ്ങളുടെ പട്ടികയാണ് പ്രോക്‌സിറാക്ക് പറത്തുവിട്ടത്.

യു.എ.ഇക്ക് പിന്നാലെ ഇവര്‍

യു.എ.ഇക്ക് പിന്നാലെ 8.75 സ്‌കോറോടെ മലേഷ്യയും ഫിലിപ്പീന്‍സും രണ്ടാം സ്ഥാനം പങ്കിട്ടു. തുടര്‍ന്ന് സൗദി അറേബ്യ (8.41), സിംഗപ്പൂര്‍ (7.96), വിയറ്റ്നാം (7.62), ബ്രസീല്‍ (7.62), തായ്‌ലൻഡ് (7.61), ഇന്തോനേഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെ നീളുന്നു ഈ പട്ടിക.

ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യതയും

പത്തില്‍ 7.53 സ്‌കോറോടെ യു.എ.ഇ തന്നെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യമായും പഠനം വിലയിരുത്തിയത്. ഹോങ്കോംഗ്, മലേഷ്യ, തായ്‌ലൻഡ്, ചിലി, സൗദി അറേബ്യ, സിംഗപ്പൂര്‍, അര്‍ജന്റീന, വിയറ്റ്നാം, തായ്‌വാൻ എന്നീ രാജ്യങ്ങളും പിന്നാലെയുണ്ട്. എന്നാല്‍ മികച്ച ഇന്റര്‍നെറ്റ് ലഭ്യതയുള്ള രാജ്യങ്ങളില്‍ ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ഡെന്മാര്‍ക്ക് എന്നിവയ്ക്ക് പിന്നാലെ നാലാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. യു.എ.ഇ ഉപയോക്താക്കള്‍ പ്രതിദിനം ശരാശരി ഏഴ് മണിക്കൂറും 29 മിനിറ്റും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി. പ്രതിദിനം ശരാശരി ഒമ്പത് മണിക്കൂറും 38 മിനിറ്റും ഉപയോഗിച്ച ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യ ഏറ്റവും പിന്നില്‍

പ്രോക്‌സിറാക്ക് റിപ്പോര്‍ട്ട് പ്രകാരം 45 രാജ്യങ്ങളുടെ പട്ടികയില്‍ സമൂഹ മാധ്യമ ഉപയോഗത്തില്‍ ഇന്ത്യയുടെ സ്ഥാനം 19 ആണ്. ഇന്റര്‍നെറ്റ് കണക്ഷന്റെ കാര്യത്തില്‍ ഇത് 42-ാം സ്ഥാനവും. ഇന്റര്‍നെറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ 24-ാം സ്ഥാനം ഇന്ത്യക്കുണ്ട്. എന്നാല്‍ മികച്ച ഇന്റര്‍നെറ്റ് ലഭ്യതയുടെ കാര്യത്തില്‍ 45-ാം സ്ഥാനത്തോടെ 45 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും ഒടുവിലാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it