

പഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങളുടെ നികുതിഘടനയില്‍ 2026 ജനുവരി ഒന്ന് മുതല്‍ മാറ്റംവരുത്തുമെന്ന് യു.എഇ. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിന്റെ (ജി.സി.സി) പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാനാണ് മാറ്റമെന്നും യു.എ.ഇ ധനമന്ത്രാലയം വ്യക്തമാക്കി. പഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങള്‍ക്കെല്ലാം ഒരേ നികുതി ഈടാക്കുന്നതിന് പകരം അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അടിസ്ഥാനത്തില്‍ തട്ടുകളായാണ് പുതിയ നികുതി.
നിലവില്‍ പഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങള്‍ക്കെല്ലാം 2019 മുതല്‍ 50 ശതമാനം നികുതിയാണ് യു.എ.ഇ ഈടാക്കുന്നത്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനാണ് ജി.സി.സി രാജ്യങ്ങള്‍ ഇവക്ക് മേല്‍ ഉയര്‍ന്ന നികുതി ചുമത്താന്‍ ആരംഭിച്ചത്. ഇനി മുതല്‍ പഞ്ചസാരയുടെ അളവിന്റെ അടിസ്ഥാനത്തില്‍ തട്ടുകളായാണ് നികുതി കണക്കാക്കുക. അതായത് കൂടുതല്‍ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് ഉയര്‍ന്ന നികുതി കൊടുക്കേണ്ടി വരും. കൃത്രിമ പഞ്ചസാരക്കും ഇത് ബാധകമാണ്. സിംഗപ്പൂര്‍, യു.കെ പോലുള്ള രാജ്യങ്ങളിലും സമാന രീതിയിലാണ് നികുതി ഈടാക്കുന്നത്.
ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് നിര്‍മാതാക്കള്‍ തന്നെ നിയന്ത്രിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ആരോഗ്യകരമായ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കുന്നതിനുമാണ് പുതിയ മാറ്റമെന്നാണ് വിശദീകരണം. പുതിയ നികുതി നടപ്പിലാകുന്നതിന് മുമ്പ് കൂടിയ നികുതി കൊടുത്ത് രാജ്യത്തേക്ക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് നികുതി ഘടനയില്‍ മാറ്റം വരുത്തുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും യു.എ.ഇ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine