

തൊഴില്‍ സാധ്യതകളുടെ കാര്യത്തിലും മികച്ച തൊഴില്‍ സംസ്‌കാരത്തിലും യു.എ.ഇക്ക് അന്താരാഷ്ട്ര തലത്തില്‍ ഒന്നാം സ്ഥാനം. തൊഴിലാളികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുടെ കുറവുമാണ് യു.എ.ഇയുടെ പ്രത്യേകതകളില്‍ പ്രധാനമായി കണ്ടെത്തിയിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (IMD) വേള്‍ഡ് കോംപറ്റീറ്റീവ്‌നെസ് ഇയര്‍ ബുക്കിന്റെ (World Competitiveness Yearbook) 2025 എഡിഷനിലാണ് യു.എ.ഇക്ക് മികച്ച സ്ഥാനം ലഭിച്ചത്. വിവിധ മേഖകളില്‍ രാജ്യങ്ങളുടെ മികവാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. തൊഴിലിന് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്കാണ് ഒന്നാം സ്ഥാനം.
തൊഴില്‍ തര്‍ക്കങ്ങള്‍ കുറവ്, തൊഴില്‍ മാറുന്നതിനുള്ള ചെലവുകളിലെ കുറവ്, തൊഴില്‍ ശക്തിയുടെ വളര്‍ച്ച, തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ പരിചയം ലഭിക്കുന്നതിനുള്ള സാധ്യതകള്‍, തൊഴില്‍ വിപണിയിലെ മല്‍സരം, തൊഴില്‍ സമയത്തിന്റെ സുതാര്യത, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലിലുള്ള കുറവ് എന്നീ ഘടകങ്ങളാണ് യു.എ.ഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം. സിംഗപ്പൂര്‍, ഹോങ്കോംഗ്, ഡെന്‍മാര്‍ക്ക്, യു.എ.ഇ, തായ്‌വാന്‍, അയര്‍ലന്‍ഡ്, സ്വീഡന്‍, ഖത്തര്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്. 69 രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ കുറിച്ച് പഠിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. കാനഡ, ജര്‍മനി, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയാണ് കൂടുതല്‍ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine