കോടീശ്വരന്മാരുടെ കുടിയേറ്റം യുഎഇയ്ക്ക് നല്ലകാലം; റിയല്‍ എസ്റ്റേറ്റ് രംഗത്ത് എന്താണ് സംഭവിക്കുക?

ലോകമെമ്പാടുമുള്ള കോടീശ്വരന്മാരുടെ ഇഷ്ട ലൊക്കേഷനായി യുഎഇ മാറുമ്പോള്‍ അവിടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് എന്താണ് സംഭവിക്കുക?
dubai
Published on

യുഗങ്ങളായി മനുഷ്യകുലത്തിന്റെ ജീവിതരീതിയിലൊന്നാണ് കുടിയേറ്റം. കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ വിഭിന്നവും വ്യത്യസ്തങ്ങളുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുടിയേറ്റത്തില്‍ ഒരു പുതിയ പ്രവണതയുണ്ട്; കോടീശ്വരന്മാരുടെ കുടിയേറ്റം. 2024ല്‍ ഏകദേശം 1,34,000 ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ് (എച്ച്എന്‍ഐ- അതിസമ്പന്ന ശ്രേണിയിലുള്ളവര്‍), അതായത് ഒരു ദശലക്ഷം യുഎസ് ഡോളര്‍ ആസ്തിയുള്ളവര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയെന്നാണ് കണക്ക്. 2025ല്‍ ഇത് 1,42,000 ആകുമെന്നാണ് നിഗമനം.

സംശയാതീതമായി തന്നെ പറയാം, കോടീശ്വരന്മാരുടെ കുടിയേറ്റം ഇവിടെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. ഇത്തരത്തിലുള്ള കോടീശ്വരന്മാരുടെ കുടിയേറ്റം എങ്ങനെയാണ് യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ സ്വാധീനിക്കുക? ലോകമെമ്പാടുമുള്ള കോടീശ്വരന്മാരുടെ ഇഷ്ടപ്പെട്ട ലൊക്കേഷനായി യുഎഇ മാറുമ്പോള്‍, ഈ അന്വേഷണത്തിന് പ്രസക്തിയേറെയാണ്.

യുഎഇയിലേക്ക് കോടീശ്വര പ്രവാഹം

കണക്കുകള്‍ പ്രകാരം യുഎഇയുടെ മൊത്തം ജനസംഖ്യ 1.12 കോടിയാണ്. ഇതില്‍ 1,20,500 പേര്‍ കോടീശ്വരന്മാരാണ്. 308 പേര്‍ അതിസമ്പന്നരും (100 ദശലക്ഷം ഡോളറിന് മുകളില്‍ ആസ്തിയുള്ളവര്‍) 20 പേര്‍ ശതകോടീശ്വരന്മാരുമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30,000ത്തോളം കോടീശ്വരന്മാരെ യുഎഇ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

കോടീശ്വരന്മാരെ ആകര്‍ഷിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്ന യുഎഇയിലേക്ക് 2024ല്‍ 6,700 പേരാണ് കുടിയേറിയത്. 2023ലേതിനേക്കാള്‍ 49 ശതമാനം അധികം. സാമ്പത്തിക, ഭൗമ-രാഷ്ട്രീയ, ആഭ്യന്തര സാമൂഹിക ഘടകങ്ങള്‍ കൊണ്ട് എന്നത്തേക്കാളുപരി നിക്ഷേപ അടിസ്ഥാനത്തിലുള്ള കുടിയേറ്റവും കൂടിവരുന്നു.

യുഎഇയിലെ നികുതി സമ്പ്രദായമാണ് കോടീശ്വരന്മാരെ ആകര്‍ഷിക്കുന്ന ഘടകം. ഇന്‍കം ടാക്‌സ്, ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നിവയൊന്നും ഇവിടെയില്ല. അതുകൊണ്ട് തന്നെ എച്ച്എന്‍ഐകള്‍ക്ക് നൂലാമാലകളില്ലാതെ ഇവിടെ പ്രവര്‍ത്തിക്കാം. അവരുടെ സമ്പത്ത് സംരക്ഷിക്കാം. പ്രവര്‍ത്തനം വിപുലീകരിക്കാം.

കാരണമെന്ത്?

ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം യുഎഇയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2024ല്‍ 3.9 ശതമാനവും 2025ല്‍ 4.1 ശതമാനവുമാണ്. ഫിച്ചിന്റെ ഉയര്‍ന്ന റേറ്റിംഗുമുണ്ട്. ഇതാണ് സാമ്പത്തിക സൂചകങ്ങള്‍ വെച്ചുള്ള ഘടകങ്ങള്‍. സാമൂഹിക-സാമ്പത്തിക വശങ്ങള്‍ പരിഗണിക്കുമ്പോള്‍, ഗോള്‍ഡന്‍ വിസ സമ്പ്രദായം ലോകമെമ്പാടും നിന്നുമുള്ള നിക്ഷേപകര്‍, സംരംഭകര്‍, അതിവൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവരെ ഇവിടേക്ക് ആകര്‍ഷിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

2019ലാണ് ഗോള്‍ഡന്‍ വിസ സമ്പ്രദായം കൊണ്ടുവന്നത്. 2023ല്‍ 1,58,000 ഗോള്‍ഡന്‍ വിസയാണ് വിതരണം ചെയ്തത്. 2022ല്‍ എല്ലാ കാറ്റഗറികളിലുമായി വിതരണം ചെയ്ത വിസയേക്കാള്‍ ഇരട്ടി വരുമിത്. 2022ല്‍ 76,617 വിസയായിരുന്നു വിതരണം ചെയ്തത്. അതേസമയം 2021ല്‍ വിതരണം ചെയ്തത് 47,150 വിസകളും. ലോകത്തിന്റെ 200ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അധിവസിക്കുന്ന യുഎഇയുടെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം, നൂതനമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഒപ്പം സുരക്ഷിതമായ രാജ്യമെന്ന ഘടകവും ലോകമെമ്പാടും നിന്നുള്ള കോടീശ്വരന്മാരുടെ കുടിയേറ്റത്തിന് പ്രേരകമാവുന്നുണ്ട്.

എല്ലാ രംഗങ്ങളിലും സ്വാധീനം

ഗോള്‍ഡന്‍ വിസ സമ്പ്രദായം യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ രൂപാന്തരീകരണത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിലൂടെ എച്ച്എന്‍ഐകള്‍ക്ക് യുഎഇയില്‍ സ്ഥിരതാമസത്തിന് സാഹചര്യമൊരുങ്ങി. മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക തലസ്ഥാനമെന്ന നിലയില്‍ ദുബായ് ആഗോള നിക്ഷേപകരുടെയും സംരംഭകരുടെയും ഇഷ്ടനാടായി.

അവിടത്തെ ആകര്‍ഷകമായ റെസിഡന്‍സി പദ്ധതികളും ഭാവിയെ മുന്നില്‍ക്കണ്ടുള്ള വിസ നിയമ ചട്ട പരിഷ്‌കാരങ്ങളും ബിസിനസ് സൗഹൃദ നയങ്ങളും അത്യുന്നതിയിലുള്ള ജീവിത സൗകര്യങ്ങളും സ്വാഭാവികമായും യുഎഇയെ കോടീശ്വരന്മാരുടെ പ്രിയപ്പെട്ട ലൊക്കേഷനാക്കി മാറ്റി.

2023ല്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് 1.6 കോടി റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയങ്ങളാണ് നടത്തിയത്. 2022നെ അപേക്ഷിച്ച് 16.9 ശതമാനം അധികം. റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയത്തിന്റെ മൂല്യം 2023ല്‍ 173 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞു. 2022നെ അപേക്ഷിച്ച് മൂല്യത്തിന്റെ കാര്യത്തില്‍ 20 ശതമാനവും റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ 36 ശതമാനവും വര്‍ധനയാണുണ്ടായത്.

ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം 1,13,655 ഉടമകളില്‍ നിന്ന് 1,57,798 നിക്ഷേപമാണ് ഇവിടേക്ക് വന്നത്. ഇതില്‍ 71,002 പേര്‍ പുതിയ നിക്ഷേപകരാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ പുതിയ നിക്ഷേപകരില്‍ 42 ശതമാനവും നോണ്‍ റസിഡന്റ് നിക്ഷേപകരാണ് എന്നതാണ്.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ്

രംഗത്ത് നടക്കുന്ന കാര്യങ്ങള്‍

  • ലോകത്തിലെ തന്നെ അതിവേഗം വളരുന്ന വിപണി: ലോക റിയല്‍ എസ്റ്റേറ്റ് വിപണിയെ തന്നെ സ്വാധീനിക്കുന്ന ഒന്നായി ഇവിടം മാറി. 2025ല്‍ എമിറേറ്റ്‌സിലെ മൊത്തത്തിലുള്ള റെസിഡന്‍ഷ്യല്‍ വിപണിയില്‍ എട്ട് ശതമാനത്തിലേറെ വില വര്‍ധനയാണ് സംഭവിച്ചത്. ആഡംബര പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 20.28 ശതമാനത്തിലേറെ വില വര്‍ധനയുണ്ടായി. വില്ലകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വില 19 ശതമാനത്തോളം ഉയര്‍ന്നു.

  • അത്യാഡംബര, ആഡംബര പ്രോപ്പര്‍ട്ടികളുടെ ഡിമാന്‍ഡില്‍ വര്‍ധന: കണക്കുകള്‍ പ്രകാരം 2024ലെ ആദ്യ മൂന്ന് മാസത്തില്‍ 10 മില്യണ്‍ യുഎസ് ഡോളറിന്റെ മുകളില്‍ വിലയുള്ള 105 വീടുകളാണ് ദുബായില്‍ വില്‍പ്പന നടന്നത്. 2024 അവസാനം ഇത് 435 ആയി. 2024ന്റെ നാലാം പാദത്തില്‍ റെക്കോഡ് വില്‍പ്പന, ഏതാണ്ട് 153 എണ്ണമാണ് നടന്നത്. മൊത്തം വില്‍പ്പനയുടെ 35 ശതമാനത്തോളം വരുമിത്.

  • റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് രംഗത്ത് മുന്നേറ്റം: യൂറോപ്പ്, യുകെ, ചൈന, ഇന്ത്യ, റഷ്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം കോടീശ്വരന്മാര്‍ യുഎഇയിലേക്ക് കുടിയേറുന്നതിനാല്‍ ആഡംബര വീടുകളുടെ നിര്‍മാണത്തിലും പുരോഗതിയുണ്ട്. 2026ല്‍ 1,82,000 ലക്ഷ്വറി വീടുകളാണ് ദുബായില്‍ വിഭാവനം ചെയ്യുന്നത്. 2025ല്‍ 76,000 യൂണിറ്റുകള്‍ വരും.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഈ മുന്നേറ്റം മറ്റ് പല മേഖലകളിലും തരംഗമുയര്‍ത്തുന്നുണ്ട്. ആഡംബര കാര്‍ ഡീലര്‍ഷിപ്പുകള്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റ് സേവനങ്ങള്‍, ആഡംബര ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഭക്ഷണശാലകള്‍, കേറ്ററിംഗ് സേവനങ്ങള്‍, പ്രൈവറ്റ് ജെറ്റ് സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ രംഗത്തും ഉണര്‍വുണ്ട്. പരിസ്ഥിതി സൗഹൃദ രീതികളോട് ആഭിമുഖ്യം ഏറിവരുന്നതിനാല്‍ സുസ്ഥിര ജീവിതശൈലിയാണ് ഏവരും താല്‍പ്പര്യപ്പെടുന്നത്. കോടീശ്വരന്മാരുടെ കുടിയേറ്റം യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തീര്‍ച്ചയായും വലിയ വിപ്ലവം സൃഷ്ടിക്കും. മാത്രമല്ല, അനുബന്ധമേഖലകളിലും വലിയ വളര്‍ച്ചയുണ്ടാകും.

മാര്‍ച്ച് 31 ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com