

ഇന്ത്യക്കാര്‍ക്കുള്ള വിസിറ്റ് വിസയില്‍ യുഎഇ സര്ക്കാര്‍ ഇളവുകള്‍ വിപുലമാക്കി. മറ്റു വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കുടുംബ സമേതം യുഎഇ സന്ദര്‍ശിക്കുന്നതിന് വിസ ഓണ്‍ അറൈവൈല്‍ സൗകര്യമാണ് വിപുലീകരിച്ചത്. ഇന്ത്യയിലുള്ളവര്‍ക്ക് പുറമെ യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കാണ് നിലവില്‍ ഈ സൗകര്യമുണ്ടായിരുന്നത്. പുതിയ തീരുമാന പ്രകാരം 6 രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കൂടി ഈ സൗകര്യം ലഭിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ലക്ഷ്യമിടുന്നതാണ് പുതിയ തീരുമാനമെന്ന് യുഎഇ സര്‍ക്കാര് അറിയിച്ചു.
യുഎഇ ഫെഡറല്‍ അതോറിട്ടിയുടെ ഉത്തരവ് പ്രകാരം സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കും കുടുംബത്തിനുമാണ് യുഎഇയിലേക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുക. ഇവര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവരും പ്രസ്തുത രാജ്യങ്ങളിലെ വിസ, റെസിഡന്റ് പെര്‍മിറ്റ്, ഗ്രീന്‍ കാര്‍ഡ് എന്നിവയുള്ളവരുമായിരിക്കണം. പാസ്‌പോര്ട്ടിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി വേണം.
30 ദിവസത്തെ വിസിറ്റ് വിസക്ക് 100 ദിര്‍ഹവും 60 ദിവസത്തേതിന് 250 ദിര്‍ഹവുമാണ് ഫീസ്. യുഎഇയിലെ എല്ലാ എന്‍ട്രി പോയിന്റുകളിലും വിസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ടാകും. യുഎഇയുടെ ടൂറിസം മേഖലയെ വളര്‍ത്തുന്നതിന് കൂടി ലക്ഷ്യമിട്ടാണ് തീരുമാനം. ഇന്ത്യയെ പോലെ മറ്റു വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും യുഎഇ ഇത്തരം സന്ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. എമിറേറ്റുകളുടെ ടൂറിസം വരുമാനം വര്‍ധിക്കുന്നതിനും വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയുന്നതിനും നിക്ഷേപം നടത്തുന്നതിനും ഇത്തരം ഇളവുകള്‍ സഹായകമാകുമെന്നാണ് ഫെഡറല്‍ അതോറിട്ടിയുടെ കണക്കുകൂട്ടല്‍.
Read DhanamOnline in English
Subscribe to Dhanam Magazine