പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ്; ബദലുകളുമായി ദുബൈ; നിരോധനം കര്‍ശനമാക്കുന്നു
പ്ലാസ്റ്റിക് നിര്‍മിത സ്‌ട്രോക്ക് പകരം ഗ്ലാസ് കൊണ്ടുള്ള സ്‌ട്രോ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കര്‍ശനമായി നിരോധിക്കുന്നതിന് മുന്നോടിയായി ദുബൈ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ബദലുകള്‍ വ്യത്യസ്തമാണ്. ജൂണ്‍ ഒന്നു മുതലാണ് യു.എ.ഇയില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. വിവിധ എമിറേറ്റുകള്‍ വ്യത്യസ്ത രീതിയിലാണ് നിയമം നടപ്പാക്കുന്നത്. ദുബൈയില്‍ റസ്റ്റോറന്റുകളിലെ പ്ലാസ്റ്റിക് നിരോധനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അബുദബിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കുന്ന പദ്ധതി അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടപ്പാക്കിയ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്ലാസിറ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യു.എ.ഇ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചിലവ് വര്‍ധിക്കുമെന്ന് റസ്റ്റോറന്റ് ഉടമകള്‍
കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ബദലുകള്‍ക്ക് ചിലവേറുമെന്ന ആശങ്കയിലാണ് ദുബൈയിലെ റസ്‌റ്റോറന്റ് ഉടമകള്‍. ജ്യൂസിനൊപ്പം നല്‍കുന്ന സ്‌ട്രോകള്‍ പ്ലാസ്റ്റിക്കിന് പകരം ഗ്ലാസിന്റേതാക്കണമെന്ന നിര്‍ദേശമാണ് അധികൃതരില്‍ നിന്ന് റസ്റ്റോറന്റ് ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ടേബിള്‍ കവറുകള്‍ മുള, തുണി അല്ലെങ്കില്‍ പേപ്പര്‍ നിര്‍മിതമാകണം. സോഫ്റ്റ് ഡ്രിങ്കുകള്‍ക്കൊപ്പമെത്തുന്ന സ്‌ട്രോകള്‍ക്ക് ഈ ഘട്ടത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ബദലുകള്‍ നടപ്പാക്കുമ്പോള്‍ ചിലവുകള്‍ വര്‍ധിക്കുമെന്നും അത് ഉപഭോക്താക്കളെ ബാധിക്കുമെന്നും റസ്‌റ്റോറന്റ് ഉടമകള്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഇപ്പോള്‍ തന്നെ ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇനിയും വില വര്‍ധിപ്പിക്കുന്നത് വില്‍പ്പനയെ ബാധിക്കും. കുറഞ്ഞ ലാഭത്തില്‍ ബിസിനസ് നടത്തേണ്ടി വരുന്നത് ഈ മേഖലയില്‍ പ്രതസന്ധികളുണ്ടാക്കും. റസ്‌റ്റോറന്റുകളിലെ മജ്‌ലിസ് സംവിധാനങ്ങളില്‍ പേപ്പര്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്നും റസ്റ്റോറന്റ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ബദലിന്റെ സാധ്യതകള്‍
അതേസമയം, പ്ലാസ്റ്റിക് നിരോധനം ബദല്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പാക്കേജിംഗ് വ്യവസായ രംഗത്തുള്ളവര്‍. നിയമം പൂര്‍ണമായും നടപ്പാവില്ലെങ്കിലും വലിയൊരു ശതമാനം റസ്റ്റോറന്റുകളില്‍ നിന്ന് ബദല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കും. ഉല്‍പ്പാദന ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദുബൈയിലെ പ്രമുഖ ഡീലര്‍മാരായ ഹോട്ട്പാക് ഗ്ലോബല്‍ വക്താവ് പറഞ്ഞു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ 96 ശതമാനവും റീസൈക്കിള്‍, ബയോ ഡീഗ്രേഡബിള്‍ വിഭാഗങ്ങളിലേക്ക് മാറിയതായും കമ്പനി അറിയിച്ചു. ബദല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വിപണിയില്‍ എത്തുന്നതോടെ വില കുറയുമെന്നും അതിനാല്‍ റസ്‌റ്റോറന്റ് ഉടമകള്‍ക്കുള്ള അധിക ചിലവുകള്‍ വൈകാതെ കുറയുമെന്നുമാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.