

ഡ്രോണുകള്‍ പറത്തുന്നതിന് 2022 ല്‍ യു.എ.ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരോധനം ഭാഗികമായി പിന്‍വലിക്കുന്നു. നവംബര്‍ 25 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഏജന്‍സികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍, ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നിവര്‍ക്കാണ് അനുമതി. 2022 വരെ രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ദുരുപയോഗം വ്യാപകമായതോടെയാണ് ഡ്രോണുകള്‍ക്കും ലൈറ്റ് സ്‌പോട്‌സ് വിമാനങ്ങള്‍ക്കും കര്‍ശന നിരോധനം കൊണ്ടു വന്നത്. എന്നാല്‍ വിവിധ മേഖലകളിലെ ഗവേഷണമുള്‍പ്പടെ രാജ്യത്തിന്റെ വികസനത്തെ ഈ നിരോധനം ബാധിക്കുന്നതായി കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റുന്നത്.
ഡ്രോണുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍, ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നിവക്ക് ഇതുവഴി ലൈസന്‍സിന് അപേക്ഷിക്കാം. രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പാക്കിയാകും ലൈസന്‍സ് നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബുദബിയില്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് നല്‍കില്ല. സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിച്ച് ഡ്രോണ്‍ ഉപയോഗിക്കാന്‍ ഗവേഷണ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നിരോധനം ഭാഗികമായി പിന്‍വലിക്കുന്നതെന്ന് സുരക്ഷാ വിഭാഗം ഡയരക്ടര്‍ ജമാല്‍ അല്‍ ഹസനി പറഞ്ഞു. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine