

ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായം കുറക്കുന്നത് ഉള്‍പ്പടെയുള്ള യുഎഇയുടെ പുതിയ ട്രാഫിക് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കാന്‍ നിയമത്തില്‍ വകുപ്പുകളുണ്ട്. മദ്യം കഴിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനങ്ങള്‍ ഓടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. അപകടകരമായ ഡ്രൈവിംഗിനും അപകടം വരുത്തിയ ശേഷം നിര്‍ത്താതെ പോകുന്നതിനും പിഴ വര്‍ധിക്കും.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി കുറക്കുന്ന നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ഇനി 18 വയസ് പൂര്‍ത്തിയാകേണ്ടതില്ല. 17 വയസ് പൂര്‍ത്തിയാകുന്നതോടെ അപേക്ഷ നല്‍കാം. ഒരു വര്‍ഷം ഇവര്‍ക്ക് പരിശീലന ലൈസന്‍സ് നല്‍കും. 18 വയസ് പൂര്‍ത്തിയാകുന്നതോടെ സ്ഥിരം ലൈസന്‍സ് ലഭിക്കും.
മറ്റുള്ളവര്‍ക്ക് ജീവഹാനി സംഭവിക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതുമായ രീതിയിലുള്ള ഡ്രൈവിംഗിന് തടവ് ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറെ പോലീസിനും റോഡ് സുരക്ഷാ അതോറിട്ടി അധികൃതര്‍ക്കും അറസ്റ്റ് ചെയ്യാം. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുള്ള ഡ്രൈവിംഗിനിടെ പിടിക്കപ്പെട്ടാലും അറസ്റ്റിലാകും ഗൗരവമുള്ള കുറ്റങ്ങള്‍ ചെയ്തതായി സംശയിക്കപ്പെടുന്നവര്‍ പോലീസിന് വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചാലും അറസ്റ്റ് ഉണ്ടാകും.
നാളെ മുതല്‍ പിഴ സംഖ്യകളിലും വര്‍ധനയുണ്ട്. അംഗീകാരമില്ലാത്ത വിദേശ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിച്ചാല്‍ ആദ്യഘട്ടത്തില്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും. ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ 50,000 രൂപ വരെയാണ് പിഴ. പോലീസിന് തെറ്റായ വ്യക്തി വിവരങ്ങള്‍ നല്‍കുകയോ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ മൂന്നു മാസം വരെ തടവും 20,000 ദിര്‍ഹം വരെ പിഴയുമുണ്ടാകും.
മദ്യപിച്ച് വാഹനമോടിച്ചാല്‍ തടവും ഒരു ലക്ഷം ദിര്‍ഹം വരെ ഫൈനും ചുമത്തും. ആദ്യ തവണ പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കും. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ ആറ് മാസത്തേക്കും തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ സ്ഥിരമായും ലൈസന്‍സ് റദ്ദാക്കും. മയക്ക് മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴയും തടവുമാണ് ശിക്ഷ. അപകടം വരുത്തി വാഹനം നിര്‍ത്താതെ പോയാല്‍ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് കാത്തിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine