യു.എ.ഇയില്‍ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നിയമലംഘകര്‍ക്ക് പിഴ
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിക്കും. സെപ്തംബര്‍ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പില്‍, രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടു പോകുന്നതിനോ രേഖകള്‍ ശരിയാക്കുന്നതിനോ ഉള്ള അവസരമാണ് നല്‍കിയിരുന്നത്. ആദ്യഘട്ടത്തില്‍ ഒക്ടോബര്‍ 31 വരെ നിശ്ചയിച്ചിരുന്ന ഈ സൗകര്യം പിന്നീട് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. ഇനിയും കാലാവധി നീട്ടില്ലെന്നാണ് സൂചനകള്‍. അനധികൃമായി കഴിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കാന്‍ ജനുവരി 1 മുതല്‍ പോലീസിന്റെ ശ്രമമുണ്ടാകും. രാജ്യത്ത് താമസിക്കുന്നതിനുള്ള റെസിഡൻസ് വിസ, മറ്റു നിയമപരമായ രേഖകള്‍ എന്നിവ ഇല്ലാത്തവര്‍ രാജ്യം വിടുകയോ രേഖകള്‍ ശരിയാക്കുകയോ ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ആവശ്യപ്പെട്ടു.
88 ശതമാനം പേര്‍ രേഖകള്‍ സാധുവാക്കി
കഴിഞ്ഞ നാലുമാസത്തിനിടെ പൊതുമാപ്പ് പദ്ധതിയില്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയവരില്‍ 88 ശതമാനം പേര്‍ അവരുടെ രേഖകള്‍ ശരിയാക്കിയതായി ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി. ഇവര്‍ക്ക് രാജ്യത്ത് നിയമപ്രകാരം ജോലി ചെയ്യാം. 12 ശതമാനം പേര്‍ സ്വദേശങ്ങളിലേക്ക് പോകാന്‍ തയ്യാറായവരാണ്. പല രീതിയില്‍ നിയമപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കാണ് പൊതുമാപ്പിന്റെ ആനൂകൂല്യം ലഭിക്കുന്നത്. വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നവര്‍, റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞവര്‍, സ്‌പോണ്‍സറെയോ കമ്പനി ഉടമകളെയോ അറിയിക്കാതെ കടന്നു കളഞ്ഞ തൊഴിലാളികള്‍, ജനിച്ച് നാലു മാസത്തിനുള്ളില്‍ റെസിഡൻസ് പെര്‍മിറ്റ് ലഭിച്ചിട്ടില്ലാത്ത വിദേശ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ളവരാണ് പ്രധാനമായും നിയമലംഘകരുടെ പട്ടികയില്‍ വരുന്നത്. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ശരിയാക്കാവുന്നതാണ് മിക്കവരുടെയും പ്രശ്നങ്ങളെന്ന് ഫെഡറല്‍ അതോറിറ്റി ചൂണ്ടിക്കാട്ടി. പൊതുമാപ്പ് പദ്ധതി ഇതിനായി ഉപയോഗിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
പരിശോധന കര്‍ശനമാക്കും
അനധികൃത താമസക്കാരെ കണ്ടെത്താന്‍ മാനവവിഭവശേഷി മന്ത്രാലയവും പോലീസും ചേര്‍ന്ന് രാജ്യത്ത് പരിശോധനകള്‍ ശക്തമാക്കും. രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തിയാല്‍ കടുത്ത പിഴ ചുമത്തും. നാടുകടത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളുണ്ടാകുമെന്നും ഫെഡറല്‍ അതോറിറ്റി അറിയിച്ചു. പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് നിലവിലുള്ള പിഴകള്‍ ഒഴിവാക്കുന്നുണ്ട്. കമ്പനികളെ അറിയിക്കാതെ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ഒഴിവാക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ പുതിയ കമ്പനികളില്‍ നിയമപരമായി ജോലി ചെയ്യാനുള്ള രേഖകള്‍ നല്‍കും. പരമാവധി പേര്‍ക്ക് സാധുവായ രേഖകളുമായി രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യമാണ് പൊതുമാപ്പ് വഴി സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി സൂചിപ്പിച്ചു.