

റോബോട്ടിക് ഒളിംപിക്‌സ് എന്നറിയപ്പെടുന്ന 'ഫസ്റ്റ് ഗ്ലോബല്‍ ചാലഞ്ചി'ല്‍ യുഎഇക്കു സ്വര്‍ണം നേടിക്കൊടുത്ത് മലയാളി സ്റ്റാര്‍ട്ടപ്പ്. യുഎഇ ടീമംഗങ്ങള്‍ മുഴുവന്‍ ഇന്ത്യക്കാര്‍. കൂട്ടത്തില്‍ രണ്ടു മലയാളികളും. മലയാളി സ്റ്റാര്‍ട്ടപ്പായ യുണീക് വേള്‍ഡ് റോബോട്ടിക്‌സാണു റോബോട്ടിക് ഒളിംപിക്‌സില്‍ ദുബായിയുടെ നേട്ടത്തിനു പിന്നില്‍. 3 ദിവസങ്ങളിലായി പനാമയില്‍ നടന്ന റോബോട്ടിക് ഒളിംപിക്‌സില്‍ 193 രാജ്യങ്ങളിലെ ടീമുകളോടു മത്സരിച്ചാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളടങ്ങിയ ദുബായ് ടീം സ്വര്‍ണം നേടിയത്. ടീമിന്റെ ഔദ്യോഗിക പരിശീലന പങ്കാളിയെന്ന റോള്‍ വഹിച്ചത് ഈ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച യുണീക് വേള്‍ഡ് റോബോട്ടിക്‌സ് ആണ്.
പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയായ ബന്‍സണ്‍ തോമസ് ജോര്‍ജ് 2019ല്‍ ആരംഭിച്ച, കൊച്ചി ആസ്ഥാനമായ യുണീക് വേള്‍ഡ് റോബോട്ടിക്‌സിനു ദുബായിലും ബ്രാഞ്ച് ഉണ്ട്. ഇവിടെ പരിശീലനം നേടിയ 8 വിദ്യാര്‍ഥികളാണു യു.എ.ഇ ടീമിനായി മത്സരിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ വിവിധ രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു നേട്ടം കൊയ്യുന്നതിന്റെ ഉദാഹരണമാണു യുണീക് വേള്‍ഡിന്റെ നേട്ടം.
തിരുവനന്തപുരം സ്വദേശികളായ ആനന്ദ് സദാശിവ അയ്യര്‍, വിദ്യ കൃഷ്ണന്‍ എന്നിവരുടെ മകനായ ആദിത്യ ആനന്ദ്, ഡോ. ബിനോയ് വടക്കേനെല്ലിശ്ശേരി, ഡോ. നീതു രാധാകൃഷ്ണ പിള്ള എന്നിവരുടെ മകളായ ശ്രേയ ബിനോയ് നായര്‍ എന്നിവരാണു ടീമിലെ മലയാളികള്‍. ന്യൂ മിലേനിയം സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആദിത്യ, ജെംസ് മോഡേണ്‍ അക്കാദമിയിലെ വിദ്യാര്‍ഥിയാണ് ശ്രേയ.
ആരുഷ് പാഞ്ചോലി ക്യാപ്റ്റനായ ടീമില്‍ ദുബായ് കോളജ്, ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, ദുബായ് ഇന്റര്‍നാഷനല്‍ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അഗങ്ങളായിരുന്നു. പരിശീലകരിലൊരാളായ മുഹമ്മദ് മുക്താറും മലയാളിയാണ്.
ഇന്റര്‍നാഷനല്‍ ഫസ്റ്റ് കമ്മിറ്റി അസോസിയേഷന്‍ 2016 മുതല്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് മത്സരമാണു ഫസ്റ്റ് ഗ്ലോബല്‍ ചാലഞ്ച്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് അഥവാ സ്റ്റെം വിദ്യാഭ്യാസം വഴി ആഗോള വെല്ലുവിളികളെ നേരിടാന്‍ യുവത്വത്തിന്റെ ബുദ്ധിപരമായ കഴിവുകള്‍ സംയോജിപ്പിക്കുകയാണ് ലക്ഷ്യം. ഫെഡെക്‌സ് സ്ഥാപകന്‍ ഫ്രെഡ് സ്മിത്തിന്റെ പേരിലുള്ള ഫ്രെഡ് സ്മിത്ത് ഗ്ലോബല്‍ ഇന്നവേറ്റര്‍ അവാര്‍ഡിനാണു യു.എ.ഇ ടീം അര്‍ഹരായത്.
ടീമിനെ വിജയത്തിലേക്കു നയിച്ച പ്രോജക്റ്റ്, യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു. 'ഗാഫ് മരം പോലെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും ജീവിവര്‍ഗ്ഗങ്ങളെയും സംരക്ഷിക്കാന്‍ രൂപകല്‍പന ചെയ്ത ഒരു ബയോപ്രിസര്‍വേഷന്‍ സിസ്റ്റം (സ്റ്റാഷ്)' ആണു യുഎഇ ടീം അവതരിപ്പിച്ചത്.
സസ്യ-ജന്തുജാലങ്ങളില്‍ നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ അത് വ്യാപിക്കാന്‍ അനുവദിക്കാതെ മൂന്നോ അഞ്ചോ ദിവസത്തേക്ക് കൂടി നിലനിര്‍ത്തി നശീകരണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. എ.ഐ സാങ്കേതികവിദ്യയും സോഡിയം ആല്‍ജിനേറ്റ് ഹൈഡ്രോജെല്‍സും ഉപയോഗിച്ച് നിര്‍മിക്കുന്ന പോര്‍ട്ടബിള്‍ മുത്തുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ചിലവില്‍ ഇവ നിര്‍മിക്കാന്‍ കഴിഞ്ഞുവെന്നതും ടീമിന്റെ നേട്ടമാണ്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കു മുന്‍പില്‍ പ്രോജക്റ്റ് അവതരിപ്പിച്ചു വിജയിക്കാന്‍ കഴിഞ്ഞത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരുമെന്ന് യുണീക് വേള്‍ഡ് റോബോട്ടിക്‌സ് സ്ഥാപകന്‍ ബന്‍സണ്‍ തോമസ് ജോര്‍ജ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine