3,50,000 ചതുരശ്രയടി വലുപ്പം, 4,000 കോടി നിക്ഷേപം, തൊഴില്‍ 3,000 പേര്‍ക്ക് നേരിട്ട്, ലുലു നിര്‍മിക്കുന്ന മാളിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ലുലുവിന്റെ വലിയ മാള്‍ വരുന്നത്. 4,000 കോടി രൂപയാണ് ഈ മാളിനായി ലുലുഗ്രൂപ്പ് നിക്ഷേപിക്കുന്നത്. പ്രത്യക്ഷമായി 3,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് പരോക്ഷമായി മാള്‍ വരുന്നതോടെ അവസരം ലഭിക്കും. 3.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാകും പുതിയ മാളിനുണ്ടാകുക.
നിര്‍മാണം ഈ വര്‍ഷം തുടങ്ങും
ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലുലുവിന്റെ ദക്ഷിണേന്ത്യയിലെ വലിയ മാളുകളിലൊന്ന് ചെന്നൈയില്‍ തുടങ്ങുമെന്ന് ലുലുഗ്രൂപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തന്നെ ചെന്നൈ മെട്രോ സ്‌റ്റേഷനില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും ലുലുഗ്രൂപ്പിന് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഷേണോയ് നഗര്‍, ചെന്നൈ സെന്‍ട്രല്‍, വിംകോ നഗര്‍ എന്നിവിടങ്ങളിലാകും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരിക.
ഷോണോയ് നഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വലുപ്പം ഒരു ലക്ഷം ചതുരശ്രയടിയാണ്. ചെന്നൈ സെന്‍ട്രല്‍ 40,000, വിംകോ നഗര്‍ 60,000 ചതുരശ്രയടി എന്നിങ്ങനെയാണ് വിസ്തൃതി. ലുലുഗ്രൂപ്പിന് ലോകത്താകമാനം 250ലേറെ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമുണ്ട്. 42 രാജ്യങ്ങളിലായി 65,000 ജീവനക്കാരും കമ്പനിക്കുണ്ട്.