ഫോണ്‍ ബാറ്ററി കുറവാണെങ്കില്‍ ഊബര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി
ഉപയോക്താക്കളുടെ ഫോണ്‍ ബാറ്ററി കുറവായതിന്റെ പേരില്‍ ഊബര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി ആരോപണം. ആരോപണത്തെ തുടര്‍ന്ന് ഫോണ്‍ ബാറ്ററിയെ അടിസ്ഥാനമാക്കി യാത്രാ നിരക്ക് എങ്ങനെ വ്യത്യാസപ്പെടുന്നവെന്ന് പരിശോധിച്ച് ബെല്‍ജിയന്‍ പത്രമായ ഡെര്‍നിയേര്‍ ഹ്യൂറെ പഠനം നടത്തി. തുടര്‍ന്ന് ഇത്തരത്തില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി കണ്ടെത്തി.
കൂടുതല്‍ തുക
റിപ്പോര്‍ട്ട് പ്രകാരം ഒരേ സ്ഥലത്തേക്ക് പോകാന്‍ 84 ശതമാനം ബാറ്ററിയുള്ള ഫോണില്‍ നിന്നും നല്‍കിയ പണം 16.60 യൂറോയും (1,495 രൂപ) 12 ശതമാനം ബാറ്ററി ശേഷിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ നടത്തിയ യാത്രയ്ക്ക് 17.56 യൂറോയുമാണ് (1,582 രൂപ). 12 ശതമാനം ബാറ്ററിയുള്ള ഉപയോക്താവില്‍ നിന്നും ഊബര്‍ 6 ശതമാനം അധികം തുക ഈടാക്കിയതായി പഠനം കണ്ടെത്തി.
വാദം നിഷേധിച്ച് ഉബര്‍
ഊബര്‍ ഇത്തരമൊരു ആരോപണം നേരിടുന്നത് ഇതാദ്യമല്ല. 2016 ലും ഇതേ ആരോപണം കമ്പനി നേരിട്ടിരുന്നു. അതേസമയം ഒരു ഫോണിന്റെ ബാറ്ററിയില്‍ എത്രമാത്രം ചാര്‍ജ് ശേഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് യാത്രാ നിരക്ക് നിര്‍ണ്ണയിക്കുന്നതെന്ന വാദം ഊബര്‍ നിഷേധിച്ചു. മാത്രമല്ല ഊബര്‍ ആപ്പിന് ഉപയോക്താവിന്റെ ബാറ്ററി ചാര്‍ജ് അളക്കാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.