ആദ്യം ടിപ്പ്, പിന്നെ ട്രിപ്പ്! വേഗത്തില്‍ വണ്ടി കിട്ടാന്‍ അഡ്വാന്‍സ് ടിപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് യൂബര്‍ പെട്ടു, ചൂഷണമെന്ന് കേന്ദ്രമന്ത്രി

വിഷയത്തില്‍ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഉപയോക്തൃ സംരക്ഷണ അതോറിറ്റി
Uber taxi and man in shock
Canva
Published on

അതിവേഗത്തില്‍ ടാക്‌സി ലഭിക്കാന്‍ ബുക്കിംഗിന് മുമ്പ് ഉപയോക്താവ് ടിപ്പ് നല്‍കണമെന്നുള്ള ഫീച്ചറിനെതിരെ കേന്ദ്ര ഉപയോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ). ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് പ്ലാറ്റ്‌ഫോമായ യൂബറിന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ അതോറിറ്റി വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇടപെട്ട കേന്ദ്ര ഉപയോക്തൃകാര്യ മന്ത്രി പ്രഹ്‌ളാദ്‌ ജോഷി സമാനമായ നടപടികള്‍ നീതിക്ക് നിരക്കാത്തതാണെന്നും ചൂഷണമാണെന്നും പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഉപയോക്തൃ സംരക്ഷണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ആദ്യം ടിപ്പ്, പിന്നെ ട്രിപ്പ്!

ബുക്ക് ചെയ്യുന്നതിന് മുമ്പ് ടിപ്പ് നല്‍കിയാല്‍ വേഗത്തില്‍ വണ്ടി കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് യൂബര്‍ അഡ്വാന്‍സ്ഡ് ടിപ്പ് ഫീച്ചര്‍ അവതരിപ്പിച്ചത്. അതും 50 മുതല്‍ 100 രൂപ വരെയാണ് ടിപ്പ് ചോദിക്കുന്നത്. കൂടുതല്‍ ടിപ്പ് കൊടുത്താല്‍ ഡ്രൈവര്‍മാര്‍ ട്രിപ്പെടുക്കാനുള്ള സാധ്യതയുണ്ടെന്നും മെസേജില്‍ പറഞ്ഞിരുന്നു. യൂബറിന് പുറമെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകളായ റാപ്പിഡോ, ഒല എന്നിവരും സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ടിപ്പില്ലെങ്കില്‍ ട്രിപ്പുമില്ല

പക്ഷേ സംഗതി ബൂമറാംഗായി തിരിച്ചുവന്നു. മുന്‍കൂട്ടി ടിപ്പ് നല്‍കാതെ ഡ്രൈവര്‍മാരാരും ട്രിപ്പെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും അരമണിക്കൂറോളം ടാക്സി കാത്തുനില്‍ക്കേണ്ടി വന്നെന്നും നിരവധി പരാതികളാണ് കുറഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. യൂബര്‍ ഓട്ടോയില്‍ നിന്നും കാബിലേക്ക് അപ്‌ഗ്രേഡ് ചെയ്തതിന് ശേഷമാണ് ടാക്‌സി ലഭിച്ചതെന്ന് പല ഉപയോക്താക്കളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒരു ടാക്‌സി വിളിക്കാന്‍ പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും ചിലര്‍ പരാതിപ്പെടുന്നു. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

നിയമം പറയുന്നതെന്ത്?

ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തതാണ് പ്രശ്‌നമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2016ല്‍ അവതരിപ്പിച്ച അഗ്രെഗേറ്റര്‍ ചട്ടങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഒമ്പത് വര്‍ഷമായി ഈ വിഷയം കോടതി നടപടികളില്‍ കുരുങ്ങി കിടക്കുകയാണ്. 2022ലാണ് ഇത് സംബന്ധിച്ച കേസിന്റെ അവസാന ഹിയറിംഗ് നടന്നത്. ഉപയോക്താക്കളാണ് ഇതില്‍ അനുഭവിക്കേണ്ടി വരുന്നതെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Uber's new “Advance Tip” feature in India has triggered government action and public outrage over fairness and consumer rights.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com