

കൗമാരക്കാരുടെ ഗതാഗത സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ 'യുബർ ഫോർ ടീൻസ്' ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. 13 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കായി രൂപകൽപ്പന ചെയ്ത സേവനമാണ് ഇത്. 2023 ൽ യുഎസിൽ ആരംഭിച്ച ഈ സേവനം പിന്നീട് 50 ലധികം രാജ്യങ്ങളിൽ അവതരിപ്പിച്ചു.
വിശ്വസനീയമായ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം കൗമാരക്കാരുടെ പ്രവര്‍ത്തനങ്ങളെ 92 ശതമാനം രക്ഷിതാക്കളും തടയുന്നതായി കമ്പനി നടത്തിയ ഉപഭോക്തൃ സർവേയില്‍ കണ്ടെത്തിയിരുന്നു. 72 ശതമാനം രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടുന്നതായും സര്‍വേ പറയുന്നു.
ഡൽഹി എൻസിആർ, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ 37 നഗരങ്ങളിലാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭ്യമാകും. താമസിയാതെ കമ്പനി മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.
സ്കൂൾ, പാഠ്യേതര പ്രവർത്തനങ്ങൾ, കോച്ചിംഗ് ക്ലാസുകൾ തുടങ്ങിയ കൗമാരക്കാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ രക്ഷിതാക്കള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്. 63 ശതമാനം മാതാപിതാക്കൾ പലപ്പോഴും സ്വന്തം കാറുകളിലാണ് കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കുന്നത്. കുട്ടികളുടെ ഗതാഗതം ക്രമീകരിക്കാൻ രക്ഷിതാക്കള്‍ പാടുപെടുന്ന അവസ്ഥയാണ് ഉളളത്.
യുബർ ഫോർ ടീൻസില്‍ യാത്രയുടെ നിയന്ത്രണം മാതാപിതാക്കളെ കമ്പനി അനുവദിക്കുന്നു. യാത്രകള്‍ക്ക് ജി.പി.എസ് ട്രാക്കിംഗ്, ആപ്പ് വഴി മാതാപിതാക്കള്‍ക്ക് തത്സമയ യാത്രാ നിരീക്ഷണം, തൽക്ഷണ സുരക്ഷാ അലേർട്ടുകൾ നല്‍കുന്ന അടിയന്തര ബട്ടൺ, രക്ഷിതാക്കൾക്ക് റൈഡുകൾ ബുക്ക് ചെയ്യാനും അംഗീകരിക്കാനും നിരീക്ഷിക്കാനും കഴിയുന്ന സംവിധാനം തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍.
യുബര്‍ അക്കൗണ്ടുള്ള രക്ഷകർത്താക്കൾക്ക് അവരുടെ കുട്ടികളെ ഈ സേവനം ഉപയോഗിക്കാന്‍ ക്ഷണിക്കാം. തുടര്‍ന്ന് കൗമാരക്കാര്‍ തന്റെ അക്കൗണ്ട് സജ്ജമാക്കുകയാണ് വേണ്ടത്. ഇതിനെ മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ഈ സേവനത്തില്‍ കൗമാരക്കാർക്ക് റൈഡുകൾ ബുക്ക് ചെയ്യാവുന്നതാണ്. രക്ഷിതാക്കള്‍ക്കും അവരുടെ കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടി സേവനത്തില്‍ റൈഡുകൾ ബുക്ക് ചെയ്യാം. തുടര്‍ന്ന് മാതാപിതാക്കൾക്ക് റൈഡുകള്‍ സംബന്ധിച്ച് അറിയിപ്പുകൾ ലഭിക്കും, തത്സമയ ട്രാക്കിംഗും നടത്താം.
Read DhanamOnline in English
Subscribe to Dhanam Magazine