

പത്തുവര്‍ഷത്തിനുശേഷം കേരളത്തില്‍ യുഡിഎഫിന്റെ മിന്നും തിരിച്ചുവരവ്. 140ല്‍ 102 സീറ്റ് നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചത്. കേവലം 35 സീറ്റ് മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേടാന്‍ സാധിച്ചത്. മൂന്നു സീറ്റുകള്‍ ജയിച്ച് ബിജെപി കേരള നിയമസഭയിലേക്ക് വീണ്ടും വരവറിയിച്ചു.
വലിയ ആത്മവിശ്വാസത്തില്‍ മത്സരത്തിനിറങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിലെ പ്രധാനപ്പെട്ട മന്ത്രിമാര്‍ തോല്‍വി രുചിച്ചു. ഒരുഘട്ടത്തില്‍ പിന്നില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് ജയിച്ചുകയറി. മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിന്‍, വി. ശിവന്‍കുട്ടി, എം.ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍ വാസവന്‍, ആര്‍. ബിന്ദു, ചിഞ്ചുറാണി, എ.കെ ശശീന്ദ്രന്‍, വി. അബ്ദുറഹ്‌മാന്‍, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് ക്ഷീണമായി.
ഭരണം നഷ്ടമായാല്‍ പോലും 60 സീറ്റില്‍ താഴെപ്പോകില്ലെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ കണ്ണൂരില്‍ അടക്കം പാര്‍ട്ടിക്കോട്ടകളില്‍ വലിയ തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ച് പോരാട്ടത്തിനിറങ്ങിയവര്‍ ജയിച്ചതും ഇടതുപക്ഷത്തിന് തിരിച്ചടിയായി.
അമ്പലപ്പുഴയില്‍ ജി. സുധാകരന്‍, പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണന്‍, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദന്‍ എന്നിവരുടെ വിജയം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. സിപിഎമ്മിന്റെ ഉറച്ച കോട്ടകളായിരുന്ന മണ്ഡലങ്ങളിലാണ് വിമതര്‍ കരുത്തുകാട്ടിയത്.
വോട്ട് ശതമാനത്തില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിച്ച് ബിജെപി നിയമസഭയിലേക്ക് റീഎന്‍ട്രി നടത്തി. 2016ല്‍ നേമത്തുനിന്ന് ഒ. രാജഗോപാല്‍ ജയിച്ചശേഷം ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. തിരുവല്ല, പാലക്കാട്, കാസര്‍ഗോഡ് ഉള്‍പ്പെടെ പല മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു.
തമിഴ്‌നാട്ടില്‍ ഡിഎംകെയുടെയും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വീഴ്ച്ച ദേശീയതലത്തില്‍ പ്രതിപക്ഷ മുന്നണിക്ക് തിരിച്ചടിയായി. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തോറ്റത് ഡിഎംകെയ്ക്ക് ക്ഷീണമായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും നടന്‍ വിജയ് നേതൃത്വം നല്കിയ ടിവികെ ഭരണത്തിലെത്തുമെന്ന് ഉറപ്പായി. 108 സീറ്റുകളാണ് ടിവികെയ്ക്ക് ലഭിച്ചത്. ഡിഎംകെ 70ഓളം സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. അതേസമയം, എഐഡിഎംകെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 60ല്‍ താഴെ സീറ്റുകളിലാണ് അവര്‍ ലീഡ് ചെയ്യുന്നത്.
ബംഗാളില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടത്. 190ലേറെ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. പുതുതായി ഒരു സംസ്ഥാനത്ത് കൂടി അധികാരത്തിലെത്താന്‍ സാധിച്ചത് ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇരട്ടിമധുരമായി. 2011ല്‍ കേവലം 4 ശതമാനം വോട്ടും പൂജ്യം സീറ്റുമായിരുന്നു ബിജെപിയുടെ സമ്പാദ്യം. അവിടെ നിന്നാണ് അവര്‍ അധികാരത്തിലേക്ക് എത്തുന്നത്.
ഒരുകാലത്ത് ബംഗാള്‍ അടക്കി ഭരിച്ചിരുന്ന സിപിഎമ്മിന് ആകെ കിട്ടിയത് വെറും ഒരു സീറ്റ് മാത്രമാണ്. കോണ്‍ഗ്രസിന് രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അസമില്‍ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ മൂന്നാംവട്ടവും അധികാരം നേടാന്‍ സാധിച്ചതും ബിജെപിക്ക് നേട്ടമായി. പുതുച്ചേരിയിലും എന്‍ഡിഎ സഖ്യത്തിനാണ് ഭരണം.