

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നല്‍കിവന്നിരുന്ന ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ യുകെ നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുകെയുടെ ഈ തീരുമാനം. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളില്‍നിന്നുള്ള ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയ്ക്കായുള്ള പുതിയ അപേക്ഷകള്‍ നിര്‍ത്തലാക്കിയതായി യുകെ അറിയിച്ചു. ഈ അവസരം യുകെയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാലും അഴിമതിക്കാരായ ആളുകള്‍ യുകെയിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരമായി ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയെ കാണുന്നതുമാണ് ഈ തീരുമാനമെടുക്കാന്‍ യുകെയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം റഷ്യയില്‍നിന്ന് യുകെയിലേക്ക് പണമൊഴുകുന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം റഷ്യയില്‍ നിന്ന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ലണ്ടനിലേക്കും ബ്രിട്ടന്റെ വിദേശ പ്രദേശങ്ങളിലേക്കുമെത്തിയെന്നും ഇത് കള്ളപ്പണം ആഗോള സാമ്പത്തിക വ്യവസ്ഥയിലേക്ക് ഒഴുകുന്നുവെന്ന ആശങ്ക സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയോളം തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിച്ചത് ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ സ്വന്തമാക്കിയാണ്. രണ്ട് മില്യണ്‍ പൗണ്ട് നിക്ഷേപിച്ചാല്‍ ലഭിക്കുന്ന ഈ വിസയിലൂടെ ലണ്ടനില്‍ ബിസിനസ് നടത്താനും പഠിക്കാനും ജോലി ചെയ്യാനും അവസരമുണ്ട്. വിസയെടുക്കുന്നയാള്‍ രണ്ട് മില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ബോണ്ടിലോ കമ്പനി ഓഹരികളിലോ ആണ് നിക്ഷേപിക്കേണ്ടത്. കൂടാതെ, രണ്ട് മില്യണ്‍ പൗണ്ട് അഞ്ച് വര്‍ഷത്തിനുശേഷം പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നത് വരെ നിക്ഷേപമായി തുടരണം. ഇതിനിടെ കൂടുതല്‍ പണം നിക്ഷേപിച്ച് വേഗത്തില്‍ പിആര്‍ നേടാനുള്ള അവസരവുമുണ്ടായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine