യുകെ സ്വപ്‌നത്തിന് വിലങ്ങുതടിയായി വീസ നിരക്കുകള്‍ കുത്തനെ കൂട്ടി; മലയാളികള്‍ക്ക് തിരിച്ചടി

സ്റ്റുഡന്റ് വീസയില്‍ യുകെയിലെത്തിയ ശേഷം അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു
UK immigration
UK immigrationImage courtesy: canva
Published on

അടുത്ത കാലത്തായി പഠനത്തിനും ജോലിക്കുമായി നിരവധി മലയാളികളാണ് യുകെയിലേക്ക് വിമാനം കയറിയിരുന്നത്. കോവിഡിനുശേഷം സജീവമായ യുകെ ട്രെന്റിന് അടുത്ത കാലത്ത് പക്ഷേ കുറവു വന്നിരുന്നു. യുകെയില്‍ അവസരങ്ങള്‍ കുറഞ്ഞതും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതുമാണ് കാരണം. ഇപ്പോഴിതാ, യുകെ സ്വപ്‌നം കാണുന്നവര്‍ക്ക് തിരിച്ചടിയായി പുതിയ വീസ നിരക്കുകള്‍.

സ്റ്റുഡന്റ് വീസയില്‍ യുകെയിലെത്തിയ ശേഷം അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഇമിഗ്രേഷന്‍ കൂടുതല്‍ മികച്ചതാക്കാനും അനര്‍ഹരായവരെ പടിക്ക് പുറത്തു നിര്‍ത്താനുമാണ് വീസ നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ഏപ്രില്‍ 8 മുതല്‍ നിലവില്‍ വന്ന പുതിയ വീസ നിരക്കുകളില്‍ 7 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെയും കുടുംബാംഗങ്ങളുടെയും ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും. ആറുമാസം വരെ യുകെയില്‍ താമസിക്കാനെത്തുന്നവരുടെ ഷോര്‍ട്ട് സ്‌റ്റേ വീസ നിരക്ക് 8 പൗണ്ടാണ് ഒരു അപേക്ഷയ്ക്ക് വര്‍ധിച്ചത്. രണ്ട് വര്‍ഷം വരെ താമസിക്കാനുള്ള വിസിറ്റ് വീസ അപേക്ഷ നിരക്ക് 31 പൗണ്ടിന് അടുത്ത് വര്‍ധിച്ചു.

ചെലവ് കൂടും

ഒട്ടുമിക്ക അപേക്ഷ വിഭാഗങ്ങളിലും 6-7 ശതമാനത്തോളം നിരക്കുകള്‍ ഉയരും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു യുകെ. സ്റ്റുഡന്റ് വീസ അപേക്ഷ നിരക്കുകള്‍ മുമ്പ് 64,684 രൂപയായിരുന്നത് 68,875 രൂപയായി ഉയരും. ചെറിയ നിരക്ക് വര്‍ധനയാണെന്ന് തോന്നാമെങ്കിലും യുകെയില്‍ ജീവിതചെലവ് ഓരോദിവസവും വര്‍ധിക്കുകയാണ്. ജീവിത ചെലവും ട്യൂഷന്‍ ഫീയും കൂടുന്നതിനൊപ്പം വീസ നിരക്കും കൂടി ഉയരുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും.

യുകെയിലേക്ക് ജോലി നോക്കുന്നവരെ സംബന്ധിച്ചും അത്ര സുഖകരമല്ല കാര്യങ്ങള്‍. മൂന്നു വര്‍ഷം വരെയുള്ള വീസ അപേക്ഷ നിരക്ക് 94,918 രൂപയില്‍ നിന്ന് 1,01,090 രൂപയായി ഉയര്‍ന്നു. കൂടുതല്‍ മികച്ചതോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

യുകെയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുടിയേറ്റം അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. ഇതിന് ഒന്നിലധികം കാരണങ്ങളുണ്ട്:

  • ഡിപെന്‍ഡന്റ് വീസ നിയന്ത്രണം

  • വീസ നിയമങ്ങള്‍ കര്‍ശനമാക്കിയത്

  • ജീവിതച്ചെലവ് കുത്തനെ വര്‍ധിച്ചത്

  • ട്യൂഷന്‍ ഫീസ് ഉയര്‍ന്നത്

  • ജോലി അവസരങ്ങളിലെ അനിശ്ചിതത്വം

  • വീസ നിരസിക്കുന്നതിലെ നിരക്ക് ഉയര്‍ന്നത്‌

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com