ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറുകമായി ബ്രിട്ടന്‍

ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര നിക്ഷേപ കരാറുമായി ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് നടക്കാനിരിക്കുന്ന വെര്‍ച്വല്‍ സമ്മിറ്റിന് മുന്നോടിയായാണ് കരാര്‍ തയാറാക്കിയിരിക്കുന്നത്. ഇതു വഴി ബ്രിട്ടനില്‍ 6500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. വെര്‍ച്വല്‍ സമ്മിറ്റില്‍ കരാറിന് അംഗീകാരം നല്‍കും. 2030 ഓടെ വ്യാപാരവും നിക്ഷേപവും ഇരട്ടിയാക്കാനും ഭാവിയില്‍ സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനുമുള്ള തുടക്കമാകും ഇതെന്ന് ബ്രിട്ടന്റെ പ്രതീക്ഷ.

ആരോഗ്യ രംഗത്തും ടെക്‌നോളജി രംഗത്തും 533 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപം ഇന്ത്യ ബ്രിട്ടനില്‍ നടത്തുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപവും ഇതില്‍പെടുന്നു. ഇതോടൊപ്പം ബ്രിട്ടനില്‍ പുതിയ ഓഫീസ് തുറക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.
ബ്രിട്ടനില്‍ നിന്ന് 446 ദശലക്ഷം പൗണ്ടിന്റെ പുതിയ കയറ്റുമതി കരാറിനും വെര്‍ച്വല്‍ സമ്മിറ്റില്‍ അംഗീകാരമാകും. സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റം അടക്കമുള്ള നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇതു വഴി ഇന്ത്യയിലെത്തും.
ഭാവിയില്‍ സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനങ്ങളിലേക്ക് ബ്രിട്ടന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയും ബ്രിട്ടന്‍ പങ്കുവെക്കുന്നു.
ബ്രിട്ടനുമായുള്ള വ്യാപാര കരാര്‍ ഇരു രാജ്യങ്ങളിലും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related Articles
Next Story
Videos
Share it